മാപ്പ് പറയണം : കോടിയേരി ബാലകൃഷ്‌ണൻ
അഡ്മിൻ
സ്ത്രീപീഡനത്തെപോലും ലജ്ജയില്ലാതെ ന്യായീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളിൽ കേരളം പൊള്ളി. പദവിക്ക് നിരക്കാത്ത തീർത്തും സ്‌ത്രീവിരുദ്ധമായ പ്രസ്‌താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം...
മാപ്പ് പറയണം : കോടിയേരി ബാലകൃഷ്‌ണൻ
കോവിഡ് ബാധിതയല്ലെന്ന സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹവും സ്‌ത്രീസമൂഹത്തോടുള്ള വെല്ലുവിളിയുമാണ്.
ആരോപണവിധേയൻ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രധാനപ്പെട്ട നേതാവും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമാണ്. അതാണ് ഇത്തരമൊരു ന്യായീകരണത്തിന് പ്രതിപക്ഷ നേതാവ് തയ്യാറായത്. ഈ രാഷ്ട്രീയ സംസ്‌കാരത്തിനെതിരെ പ്രതിഷേധിക്കാൻ സ്ത്രീസമൂഹമൊന്നാകെ മുന്നോട്ട് വരണമെന്നും കോടിയേരി പറഞ്ഞു.
ദാരുണ സംഭവങ്ങളിലും രാഷ്‌ട്രീയം കലർത്തുന്നു ഭാഗ്യലക്ഷ്‌മി
സമൂഹത്തിൽ നടക്കുന്ന ദാരുണമായ സംഭവങ്ങളിൽ രാഷ്‌ട്രീയം കലർത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമാത്രമെ പീഡിപ്പിക്കാൻ പറ്റുകയുള്ളോ എന്ന പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിൽനിന്ന് ഈ സംഭവത്തെ എത്ര നിസ്സാരമായാണ് അദ്ദേഹം കാണുന്നതെന്ന് മനസ്സിലാകും. കോവിഡാകട്ടെ ബലാത്സംഗമാകട്ടെ തങ്ങൾക്ക് അതൊരു രാഷ്‌ട്രീയ ആയുധം മാത്രമാണെന്ന സമീപനമാണ് അവർക്കുള്ളത്. എല്ലാത്തിനെയും ഭരണപക്ഷത്തിനെതിരായി എങ്ങനെ തിരിക്കാമെന്ന ചിന്തയിലാണവർ. രാവിലെ ഉണരുമ്പോൾമുതൽ സർക്കാരിനെതിരെ എന്ത് ആരോപണം ഉന്നയിക്കാമെന്ന ചിന്തയിലാണ് പ്രതിപക്ഷം. അല്ലാതെ പ്രശ്നങ്ങളെ ഒറ്റക്കെട്ടായി എങ്ങനെ നേരിടാമെന്നും എങ്ങനെ പരിഹാരം കാണാമെന്നും അവരുടെ അജൻഡയിലുള്ള കാര്യമേ അല്ല എന്നത് എല്ലാവരും മനസ്സിലാക്കേണ്ട ഒന്നാണ്.
പ്രതിയുടെ പ്രവൃത്തിപോലെ നീചം പി കെ ശ്രീമതി
സ്‌ത്രീകളെ അപമാനിക്കുന്ന വഷളൻ പ്രയോഗം നടത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല. ചെന്നിത്തല കേരളീയ സമൂഹത്തോട് മാപ്പ് പറയണം. ഒരു വൾഗർ ചിരിയോടെ ഇന്ന് ചെന്നിത്തല ചോദിച്ച ചോദ്യമുണ്ടല്ലോ. അത് പ്രതിയുടെ പ്രവൃത്തിപോലെ തന്നെ നടുക്കുന്നതാണ്, നീചമാണ്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവം തനിക്ക് വഷളൻ തമാശപറഞ്ഞ് ലഘൂകരിക്കാനുള്ള വിഷയമാണോ? ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹം, ഇപ്പോൾ പ്രതിപക്ഷനേതാവും. സോണിയഗാന്ധിയെയും പ്രിയങ്കയെയും പോലുള്ള വനിതകൾ നയിക്കുന്ന പാർടിയല്ലേ കോൺഗ്രസ്? അവർ ചെന്നിത്തലയെ ശാസിക്കണം, തിരുത്തണം.
കേസെടുക്കണം: മഹിളാ അസോസിയേഷൻ
യുവതിയെ പീഡിപ്പിച്ച കോൺഗ്രസ് പ്രവർത്തകനെ ന്യായീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിനു മുമ്പിൽ മാപ്പർഹിക്കാത്ത കുറ്റമാണ് ചെന്നിത്തല ചെയ്തത്. ക്രിമിനൽ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിച്ച ചെന്നിത്തലയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
ലജ്ജാകരം എസ് ശാരദക്കുട്ടി
ഒളിഞ്ഞുകിടക്കുന്ന ആണാധിപത്യമനോഭാവത്തിൽനിന്നുള്ള പ്രതികരണമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയിൽനിന്ന് ഉണ്ടായത്. ഭരണകൂടത്തിന്റെകൂടി ഭാഗമായ പ്രതിപക്ഷനേതാവിൽനിന്നുതന്നെ ഇത്തരമൊരു പ്രസ്താവനയുണ്ടായത് ലജ്ജാകരമാണ്.
നിരവധി സ്‌ത്രീകൾ പ്രവർത്തിക്കുന്ന കോൺഗ്രസ് പാർടിയുടെ നേതാവാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്. ശരിക്കും കോൺഗ്രസിൽത്തന്നെ പ്രതിഷേധം ഉയരണം. താനിരിക്കുന്ന കസേരയും തന്റെ ഉത്തരവാദിത്തവും മറന്നാണ് അദ്ദേഹം അങ്ങനെ സംസാരിച്ചത്. സ്‌ത്രീ കീഴ്‌പ്പെടാനുള്ള ഒന്നാണെന്ന പൊതുബോധത്തിൽനിന്നുതന്നെയാണ് ഈ പ്രസ്താവനയും ഉണ്ടായത്. തൊട്ടാൽ പൊട്ടുന്ന ആണത്തബോധത്തിൽനിന്നുണ്ടായ ലജ്ജാകരവും അപമാനകരവുമായ വാക്കുകളായിട്ടേ ഇതിനെ കാണാനാകൂ. സ്‌ത്രീ സമൂഹത്തോടുമാത്രമല്ല കേരളത്തിലെ പൊതുസമൂഹത്തോടും പ്രതിപക്ഷനേതാവ് മാപ്പ് പറയണം.
വങ്കത്തരം പറയരുത് എം സി ജോസഫൈൻ
പ്രതിപക്ഷനേതാവെന്ന ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുത്. കേരളത്തിലെ സ്ത്രീസമൂഹത്തെയാകെ അവഹേളിക്കുന്നതാണ് ഈ പരാമർശം. ഏത് പദവിയിലുള്ള ആളായാലും ആർക്കും സ്ത്രീവിരുദ്ധ പ്രസ്താവന നടത്താമെന്ന ധാർഷ്ട്യമാണ് ചെന്നിത്തലയുടേത്. പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയണം.
09-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ