24 മണിക്കൂറിൽ 1133 പേർ മരിച്ചു

രാജ്യത്ത്‌ കോവിഡ്‌ മരണവും വർധിക്കുന്നു. ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്‌ മരണം തിങ്കളാഴ്‌ച രേഖപ്പെടുത്തി. 24 മണിക്കൂറിൽ 1133 പേർ മരിച്ചു. തിങ്കളാഴ്‌ച 75,809 പേർ രോഗബാധിതരായി. പരിശോധനകളിലുണ്ടായ കുറവാണ്‌ രോഗികൾ കുറയാൻ കാരണം‌. സ്ഥിതി രൂക്ഷമായ മഹാരാഷ്ട്ര, കർണാടകം, ആന്ധ്ര, തമിഴ്‌നാട്‌, യുപി സംസ്ഥാനങ്ങളിൽ കേന്ദ്രം കൂടുതൽ ശ്രദ്ധ പുലർത്തുമെന്ന്‌ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ്‌ ഭൂഷൺ പറഞ്ഞു. രോഗികളിൽ 62 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്‌. മഹാരാഷ്ട്രയിൽമാത്രം 27 ശതമാനം. 2.37 ലക്ഷം രോഗികൾ‌. ആകെ മരണത്തിൽ 70 ശതമാനവും മഹാരാഷ്ട്ര അടക്കം അഞ്ച്‌ സംസ്ഥാനങ്ങളിലാണ്‌. രാജ്യത്ത്‌ കോവിഡ്‌ മരണനിരക്ക്‌ 1.70 ശതമാനമാണ്‌. 28 സംസ്ഥാനത്ത്‌ മരണനിരക്ക്‌ ദേശീയ ശരാശരിയിലും താഴെയാണ്‌–- ഭൂഷൺ പറഞ്ഞു.

രാജ്യത്ത്‌ കോവിഡ്‌ പരിശോധന അഞ്ചുകോടി കടന്നു. 24 മണിക്കൂറിൽ 10,98,621 പരിശോധന നടത്തി. ആകെ പരിശോധന 5,06,50,128 ആയി ഉയർന്നു.

09-Sep-2020