ബ്രിട്ടനിൽ പരിമിത എണ്ണം ആളുകളിൽ നടത്തിയ ആദ്യ രണ്ട് ഘട്ടം പരീക്ഷണങ്ങളുടെ ഫലം ആശാവഹമായിരുന്നു
അഡ്മിൻ
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർത്തിവെച്ചു. വിദേശത്ത് വിപരീതഫലം കണ്ടതിനെ തുടർന്നാണ് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ നടപടി. ഡിസിജിഐയുടെ നിർദേശം പാലിക്കുന്നുവെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചു.
വാക്‌സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിലൊരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടർന്നാണ് ബ്രിട്ടനിൽ ഓക്‌സ്‌ഫഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം നിർത്തേണ്ടി വന്നത്. വാക്‌സിൻ പരീക്ഷണം താത്കാലികമായി നിർത്തിവെച്ച കാര്യം അറിയിക്കാത്തതിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.
ഔഷധനിർമാണ കമ്പനിയായ ആസ്‌ട്രാ സെനെക്കയും സർവകലാശാലക്കൊപ്പം പരീക്ഷണത്തിൽ കൈകോർക്കുന്നുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ 17 നഗരങ്ങളിലാണ് കോവിഡ് വാക്സിനായുള്ള ക്ലിനിക്കൽ ട്രയൽ നടത്തിവന്നിരുന്നത്.
ബ്രിട്ടനിൽ പരിമിത എണ്ണം ആളുകളിൽ നടത്തിയ ആദ്യ രണ്ട് ഘട്ടം പരീക്ഷണങ്ങളുടെ ഫലം ആശാവഹമായിരുന്നു. അടുത്തവർഷം ആദ്യത്തോടെ ഓക്സ്ഫഡ് വാക്സിൻ ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പരീക്ഷണത്തിലുള്ള നൂറുകണക്കിനു സാധ്യതാ വാക്സിനുകളിൽ മനുഷ്യരിലെ അവസാനഘട്ടം പരീക്ഷണത്തിലുള്ള ആറ് വാക്സിനിൽ ഒന്നാണിത്. ഓക്സ്ഫഡ് സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് സംഘം ജനുവരിയിലാണ് വാക്സിൻ വികസിപ്പിക്കാൻ ആരംഭിച്ചത്.