സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്

മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്‌ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ.  സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്.

ഭക്ഷ്യവിതരണം  കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോ യിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ പറഞ്ഞു.  നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വ്യകതമാക്കി.     

ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് കൂടുതൽ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക് കഴിയണം. ഇത്തരം പ്രവർത്തനങ്ങളുടെ ഗുണം ജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സിവിൽ സപ്ലൈസിന്റെ എല്ലാ ഉദ്യമങ്ങൾക്കും സർക്കാരിന്റെ സജീവ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ഓൺ ലൈനിൽ നടന്ന ചടങ്ങിൽ പിറവം നഗരസഭയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിൽ സംസ്ഥാനത്തെ സാമൂഹ്യ അടുക്കളകൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കിയും ജനങ്ങൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകൾ ലഭ്യമാക്കിയും സിവിൽ സപ്ലൈസ് വകുപ്പ് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സപ്ലൈകോ വിപണിയിലെത്തിച്ച പുതിയ ഉത്പന്നമായ ചക്കി ഫ്രഷ് ആട്ടയുടെ വിതരണോദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു.      

ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, മുൻ എം.എൽ.എ മാരായ എം.ജെ ജേക്കബ്, വി.ജെ പൗലോസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, സിവിൽ സപ്ലൈസ് മാനേജിംഗ് ഡയറക്ടർ അലി അസ്ഗർ പാഷ, വിവിധ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.



10-Sep-2020