സ്പെഷ്യൽ ഫീസിൽ ഇളവു വരുത്തുകയോ കൂടുതൽ സമയം നൽകുകയോ വേണമെന്ന് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല
അഡ്മിൻ
കോവിഡ്കാലത്ത് സ്വകാര്യസ്‌കൂൾ അമിതഫീസ് ഈടാക്കിയതിനും ഫീസടയ്ക്കാത്ത 200 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം നിഷേധിച്ചതിനുമെതിരെ പ്രതിഷേധം. പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലാണ് സംഭവം.
സാധാരണ ഘട്ടമായാണ് സ്‌കൂൾ ഫീസ് ഈടാക്കുക. 4,000 മുതൽ 5,000 വരെ ട്യൂഷൻഫീസും 6,000 മുതൽ 7,000രൂപവരെ സ്‌പെഷ്യൽ ഫീസുമാണ് ഈടാക്കുന്നത്. ക്ലാസിന്റെ അടിസ്ഥാനത്തിൽ ഫീസിലും മാറ്റംവരും. ഇതേ രീതിയാൽ മൂന്ന് സെമസ്റ്റർ ഫീസ് അടയ്ക്കണം. സ്‌കൂൾ ആരംഭിച്ചതോടെ എല്ലാ രക്ഷിതാക്കളും ട്യൂഷൻഫീസ് അടച്ചിരുന്നു. സ്പെഷ്യൽ ഫീസിൽ ഇളവു വരുത്തുകയോ കൂടുതൽ സമയം നൽകുകയോ വേണമെന്ന് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഫീസ് അടയ്ക്കാത്ത കുട്ടികളെ പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി.
ബുധനാഴ്ച വൈകിട്ട് ഓൺലൈൻപഠനത്തിനുള്ള ഗ്രൂപ്പിൽനിന്ന് കുട്ടികളെ ഒഴിവാക്കി. ചർച്ച നടത്താനും സ്‌കൂൾ അധികൃതർ തയ്യാറായില്ല. ഇതിനെതിരെയാണ് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് ചിറ്റൂർ പൊലീസിൽ പരാതി നൽകി. സമാനമായ ചൂഷണം ചൂണ്ടിക്കാട്ടി നേരത്തേയും പരാതി നൽകിയിരുന്നു.
വിദ്യാർഥി വിരുദ്ധ നിലപാടെടുത്ത ചിന്മയ സ്‌കൂൾ മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ചിന്മയ വിദ്യാലത്തിന്റെ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് എസ്എഫ്‌ഐ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ തത്തമംഗലം ചിന്മയ വിദ്യാലയത്തിനുമുന്നിൽ നടന്നു. ലാബുകളും മറ്റ് ഭൗതിക സൗകര്യങ്ങളും ഉപയോഗിക്കാനാകാത്ത സാഹചര്യത്തിലും ഫീസ് ഇളവ് നൽകാത്ത മാനേജ്മെന്റ് നടപടി ക്രൂരമാണ്. വിദ്യാർഥികളെ പുറത്താക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.