കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

ആര്യസമാജ പണ്ഡിതനും  സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംപിയുമായ സ്വാമി അഗ്‌നിവേശ് (81) അന്തരിച്ചു.കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കരള്‍ വീക്കത്തെ തുടര്‍ന്ന് ദില്ലി ലിവര്‍ ആന്‍റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അ​ഗ്നിവേശ് ദിവസങ്ങളായി   വെന്‍റിലേറ്ററിലായിരുന്നു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം മൂലം നടത്താൻ കഴിഞ്ഞിരുന്നില്ല.

ആന്ധപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ അഗ്നിവേശ് ആര്യസമാജത്തിലൂടെ സന്ന്യാസം സ്വീകരിച്ചു. വാണിജ്യശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ അഗ്നിവേശ് പ്രവര്‍ത്തനമണ്ഡലമായി ഹരിയാന തെരഞ്ഞെടുത്തു. ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി 1970ല്‍ രൂപീകരിച്ച അദ്ദേഹം 77ല്‍ ഹരിയാന നിയമസഭയിലെത്തി,  തൊഴില്‍വകുപ്പ് മന്ത്രിയായി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ക്രമേണ പിന്‍വാങ്ങിയ അഗ്നിവേശ്‌ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു.

കാവി ധരിച്ചപ്പോഴും അദ്ദേഹം തീവ്രഹിന്ദുത്വത്തിനെതിരെ വാചാലനായി. ഇതിന്‍റെ പേരില്‍ സംഘ്‌പരിവാർ സംഘടനകളുടെ കയ്യേറ്റം നേരിടേണ്ടി വന്നു. സ്ത്രീവിമോചനത്തിനും, പെണ്‍ഭ്രൂണഹത്യക്കുമെതിരെ സ്വാമി അഗ്നിവേശ് ശബ്‌ദിച്ചു. അഗ്നിവേശിന്‍റെ നിര്യാണത്തോടെ മതനിരപേക്ഷതയുടെ ശക്തമായ ഒരു ശബ്‌ദം കൂടിയാണ് മറയുന്നത്.

 

12-Sep-2020