ആദ്യ രണ്ട് ഘട്ടത്തെ അപേക്ഷിച്ച് റെക്കോഡ് വേഗത്തിലാണ് ഇപ്പോൾ രോഗവ്യാപനം
അഡ്മിൻ
സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ ഒരുലക്ഷം കടന്നു. ഇതിൽ 73.11 ശതമാനവും രോഗമുക്തി നേടി. 26.43 ശതമാനം പേർ ചികിത്സയിലാണ്. മരണനിരക്ക് 0.4 ശതമാനം. ആദ്യ രണ്ട് ഘട്ടത്തെ അപേക്ഷിച്ച് റെക്കോഡ് വേഗത്തിലാണ് ഇപ്പോൾ രോഗവ്യാപനം. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50,000 കടക്കാൻ 202 ദിവസം എടുത്തെങ്കിൽ (ആഗസ്ത് 19), വെറും 23 ദിവസം കൊണ്ടാണ് അടുത്ത 50,000 പേർക്ക് രോഗം സ്ഥിരീകരിച്ചത് (സെപ്‌തംബർ 11).
ജനുവരി 30ന് രാജ്യത്തെ ആദ്യ കോവിഡ് രോഗി തൃശൂരിലാണ് സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തിൽ ചൈനയിൽനിന്ന് എത്തിയ മൂന്ന് വിദ്യാർഥികളിൽനിന്ന് ഒരാളിലേക്കുപോലും രോഗം പടരാതെ സൂക്ഷിച്ചു. രോഗികളുടെ എണ്ണം 100 കടക്കാൻ എടുത്തത് 54 ദിവസം (മാർച്ച് 24). ആദ്യ 1000 പേർക്ക് രോഗം സ്ഥിരീകരിച്ചത് 118 ദിവസംകൊണ്ട് (മെയ് 27). 10,000 എത്താൻ 168 ദിവസം (ജൂലൈ 16).
അവിടെ നിന്നങ്ങോട്ട് രോഗവ്യാപനത്തിന് വേഗം കൂടി. അടുത്ത പതിനായിരം കടക്കാൻ എടുത്തത് വെറും 12 ദിവസം (ജൂലൈ 28). തുടർന്ന്, ഒമ്പത് ദിവസത്തിൽ രോഗികളുടെ എണ്ണം 30,000 കടന്നു (ആഗസ്ത് 6). എട്ട് ദിവസത്തിൽ ഇത് 40,000വും (ആഗസ്ത് 14) തുടർന്നുള്ള ഒമ്പത് ദിവസത്തിൽ 50,000വും (ആഗസ്ത് 19) കടന്നു. അടുത്ത പതിനായിരം എത്താൻ ആറു ദിവസം വേണ്ടിവന്നെങ്കിൽ (ആഗസ്ത് 25) തുടർന്നുള്ള നാല് ദിവസത്തിൽ രോഗികളുടെ എണ്ണം വീണ്ടും 10,000കടന്നു (ആഗസ്ത് 29). സെപ്തംബർ നാലിന് കോവിഡ് ബാധിതർ 80,000 കടന്നു. എട്ടിന് 90,000 –- നാല് ദിവസം. 11ന് ഒരു ലക്ഷം കടക്കാൻ എടുത്തത് വെറും മൂന്ന് ദിവസം.