സമാധാന ചർച്ചകൾ തുടരുമ്പോഴും അതിർത്തിയിൽ ഇന്ത്യ, ചൈന സൈനികർ നേർക്കുനേർ തുടരുന്നു.
അഡ്മിൻ
അതിർത്തി അതിവേഗം സമാധാനത്തിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ വിദേശമന്ത്രി എസ് ജയശങ്കർ ചൈനയുടെ വിദേശമന്ത്രി വാങ് യീയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഇരുരാജ്യത്തിനും ഗുണമല്ലാത്ത സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ സൈനികതല ചർച്ച തുടരും. സേനാപിന്മാറ്റം വേഗത്തിലാക്കും. പരസ്‌പരവിശ്വാസം വർധിപ്പിക്കാന്‍ ഇന്ത്യ–-ചൈന നേതൃത്വത്തിന്റെ മാർഗനിർദേശങ്ങളിലൂന്നി അഭിപ്രായഭിന്നത തർക്കങ്ങളാകാതെ അവസാനിപ്പിക്കണം.
സംഘർഷം ലഘൂകരിക്കാന്‍ അഞ്ചിന പദ്ധതിക്ക് തത്വത്തിൽ ധാരണയായെന്ന് സംയുക്ത പ്രസ്‌താവനയിറക്കി. മോസ്‌കോയിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിദേശമന്ത്രിതല സമ്മേളനത്തിനിടയിലാണ് ഇരുനേതാക്കളും രണ്ടുമണിക്കൂര്‍ ചര്‍ച്ച നടത്തിയത്.
യഥാർഥ നിയന്ത്രണരേഖയിൽ (എല്‍എസി) ചൈനയുടെ വൻ സൈനികവിന്യാസത്തിൽ ജയശങ്കർ കടുത്ത ആശങ്ക അറിയിച്ചു. ഉഭയകക്ഷി കരാറുകളും കീഴ്‌വഴക്കങ്ങളും പാലിക്കാത്ത ചൈനീസ് മുൻനിര സൈനികരുടെ പ്രകോപനം സംഘർഷത്തിന് കാരണമായി. സംഘർഷമേഖലകളിൽനിന്ന് സേനാപിന്മാറ്റം ഉറപ്പാക്കണം. സൈനിക സാന്നിധ്യം വർധിപ്പിച്ചതില്‍ ചൈന വിശ്വാസയോഗ്യമായ മറുപടി നല്‍കിയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
പ്രശ്‌നപരിഹാരത്തിന് മുൻനിര സൈനികതല ചർച്ച വേണമെന്ന് ചൈനീസ് വിദേശമന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. വെടിവയ്‌പടക്കമുള്ള പ്രകോപനം അവസാനിപ്പിക്കണമെന്ന് വാങ് യീ ചർച്ചയിൽ ആവശ്യപ്പെട്ടു. അതിക്രമിച്ചുകയറിയ മേഖലയിൽനിന്ന് സൈനികരും ഉപകരണങ്ങളും പിൻവലിക്കണം. ഇരുരാജ്യങ്ങൾക്കും ഇപ്പോൾ വേണ്ടത് സഹകരണവും പരസ്‌പരവിശ്വാസവുമാണെന്നും ചൈനീസ് വിദേശമന്ത്രാലയം വ്യക്തമാക്കി.
കിഴക്കൻ ലഡാക്കിൽ നാലുമാസമായി തുടരുന്ന സംഘർഷം 45 വർഷത്തിനിടെ അതിർത്തിയിൽ വെടിവയ്‌പിൽ കലാശിച്ചതിനു പിന്നാലെയാണ് വിദേശമന്ത്രിമാർ ചർച്ച നടത്തിയത്. എസ്‌സിഒ സമ്മേളനത്തിനിടെ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങും ചൈന പ്രതിരോധമന്ത്രി വെയ് ഫെങ്‌ഗിയും കൂടിക്കാഴ്‌ച നടത്തിയെങ്കിലും വിജയിച്ചില്ല. നിരവധിതവണ സൈനികതല ചർച്ചയും നടന്നു.
സൈനികർ നേർക്കുനേർ സമാധാന ചർച്ചകൾ തുടരുമ്പോഴും അതിർത്തിയിൽ ഇന്ത്യ, ചൈന സൈനികർ നേർക്കുനേർ തുടരുന്നു. പാങ്ങോംഗ് തടാകത്തിന്റെ വടക്കൻ മേഖലയിലെ ഫിംഗർ മൂന്നിൽ കഴിഞ്ഞദിവസം ചൈന അധികമായി വിന്യസിച്ച 1500–-2000 സൈനികരെ പിൻവലിച്ചിട്ടില്ല. ഫിംഗർ മൂന്നിലെ പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യൻ സൈനികരും ഉണ്ട്. വ്യോമസേന നിരീക്ഷണപറക്കല്‍ തുടരുന്നു.
സ്ഥിതി വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സുരക്ഷാ അവലോകന യോഗം ചേർന്നു. ചുഷൂൽ സെക്‌ടറിൽ വെള്ളിയാഴ്‌ചയും ബ്രിഗേഡ് കമാൻഡർതല ചർച്ച നടന്നു. കോർപ്‌സ് കമാൻഡർതല ചർച്ച അടുത്ത ആഴ്‌ച നടക്കും.