സർക്കാർ നിലപാട് ഭീരുത്വം : സീതാറാം യെച്ചൂരി

സംഘപരിവാർ ആസൂത്രണപ്രകാരം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രമുഖരെ  കലാപക്കേസിൽ പെടുത്താനുള്ള ഡൽഹി പൊലീസ്‌ നീക്കത്തിൽ രാജ്യമാകെ പ്രതിഷേധം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കാൻ ബിജെപിസർക്കാരിനെ അനുവദിക്കില്ലെന്ന്‌ ജനാധിപത്യ, പുരോഗമന പ്രസ്ഥാനങ്ങളും മതനിരപേക്ഷവാദികളും ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.

ഡൽഹി പൊലീസ്‌ നടപടി തിങ്കളാഴ്‌ച ആരംഭിക്കുന്ന പാർലമെന്റ്‌ സമ്മേളനത്തിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ രാജ്യസഭയിൽ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവരും ലോക്‌സഭയിൽ എ എം ആരിഫും നോട്ടീസ് നൽകി.

വടക്കുകിഴക്കൻ ഡൽഹി കലാപത്തിന്‌ പരസ്യമായി ആഹ്വാനംചെയ്‌ത ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ക്ക് സംരക്ഷണകവചം തീര്‍ത്താണ് ആഭ്യന്തരമന്ത്രാലയ നിർദേശപ്രകാരം നിരപരാധികളെ വേട്ടയാടുന്നത്. യഥാർഥ രാജ്യസ്‌നേഹികളെയാണ്‌ കള്ളക്കേസിൽ കുടുക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി‌ പഞ്ചാബ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിലെ മുൻഡിജിപിയും മുംബൈ പൊലീസ്‌ മുൻ കമീഷണറുമായ ജൂലിയോ റിബറോ ഡൽഹി പൊലീസ്‌ മേധാവി എസ്‌ എൻ ശ്രീവാസ്‌തവയ്‌ക്ക്‌ കത്തയച്ചു.

കുറ്റപത്രത്തിൽ യെച്ചൂരിയുടെയും മറ്റും പേരുചേര്‍ത്തെന്ന വിവരം പുറത്തുവന്നതോടെ പശ്ചിമബംഗാളിൽ ഉടനീളം സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധപ്രകടനംനടന്നു. ഞായറാഴ്‌ചയും പ്രതിഷേധം തുടർന്നു. ഇതരസംസ്ഥാനങ്ങളിലും പ്രതിഷേധം അലയടിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ രോ​ഷം അണപൊട്ടി.

വിദ്വേഷപ്രചാരണം തുറന്നുകാട്ടുന്നതും കലാപകാരികളെ ചെറുക്കുന്നതും രാജ്യത്ത്‌ കുറ്റകൃത്യമായി മാറുകയാണെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സിങ്‌ സുർജെവാല പ്രതികരിച്ചു. യെച്ചൂരി ഉൾപ്പെടെയുള്ളവരെ കുറ്റപത്രത്തിൽ പരാമർശിച്ചതുവഴി ഡൽഹി പൊലീസ്‌ നീതിന്യായസംവിധാനത്തെ അപമാനിക്കുകയാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ പി ചിദംബരം പറഞ്ഞു. ഡൽഹിപൊലീസിന്റെ നടപടി  നടുക്കുന്നതാണെന്ന്‌- ശശി തരൂർ ട്വീറ്റ്‌ ചെയ്‌തു. കുറ്റാരോപിതരുടെ മൊഴി  രേഖപ്പെടുത്തി നൽകുകയാണ്‌ ചെയ്‌തതെന്നും ഇതിന്റെ അടിസ്ഥാനത്തിൽമാത്രം നിയമനടപടി സ്വീകരിക്കില്ലെന്നും ഡൽഹി പൊലീസ്‌ വക്താവ്‌ പറഞ്ഞു.

സർക്കാർ നിലപാട് ഭീരുത്വം : സീതാറാം യെച്ചൂരി
വടക്കുകിഴക്കന്‍ ഡല്‍ഹി വർഗീയകലാപത്തിൽ 56 പേർ കൊല്ലപ്പെട്ടത്‌ എങ്ങനെയെന്ന്‌ അന്വേഷിക്കാതെ ഇരകൾക്കെതിരെ കുറ്റം ചുമത്തുകയാണ്‌ ഡൽഹി പൊലീസെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

"പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയകലാപവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്‌ പൊലീസ്‌. ഞാൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്‌. അത്‌ ഭരണഘടനാപരമായ അവകാശവും കടമയുമാണ്‌‌'–-അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം വിട്ടുവീഴ്‌ചയില്ലാതെ തുടരും. നിരപരാധികളെ, പ്രത്യേകിച്ച്‌ മുസ്ലിം ന്യൂനപക്ഷവിഭാഗത്തെ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കുന്നത്‌ അനുവദിക്കാൻ കഴിയില്ല. സർക്കാർ നിലപാട് ഭീരുത്വമാണ്. ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണം. കേന്ദ്രആഭ്യന്തരമന്ത്രിയുടെ  ഇംഗിതമാണ്‌ ഡൽഹി പൊലീസ്‌ നടപ്പാക്കുന്നത്‌. ബിജെപി നേതാക്കൾ നടത്തിയ വർഗീയവിദ്വേഷപ്രസംഗത്തെ തുടർന്നാണ്‌ ‌ കലാപം തുടങ്ങിയത്‌.
കലാപാഹ്വാനം നൽകിയ കേന്ദ്ര ധനസഹമന്ത്രിക്കെതിരെ കേസില്ല. കുറ്റപത്രത്തിൽനിന്ന്‌ പേര്‌ നീക്കിയതായി പൊലീസ്‌ അറിയിച്ചിട്ടില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

 

14-Sep-2020