കോൺഗ്രസിനും ബിജെപിക്കും ചൂട്ടുപിടിച്ച് നിന്ദ്യമായ കള്ളവാർത്തയുമായി മനോരമ രംഗത്തിറങ്ങിയിരിക്കുന്നത്
അഡ്മിൻ
മലയാള മനോരമയുടെ മാധ്യമ മാടമ്പിത്തരത്തിന്റെ ഏറ്റവും ഒടുവിലത്തേതാണ് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റൈൻ ലംഘിച്ചെത്തി ലോക്കർ തുറന്നൂവെന്ന വാർത്ത. സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരായ നുണക്കഥകൾ എണ്ണിയെണ്ണി വിഴുങ്ങേണ്ടി വന്നതോടെയാണ് കോൺഗ്രസിനും ബിജെപിക്കും ചൂട്ടുപിടിച്ച് നിന്ദ്യമായ കള്ളവാർത്തയുമായി മനോരമ രംഗത്തിറങ്ങിയിരിക്കുന്നത്. കുപ്രസിദ്ധിയാർജിച്ച പാപ്പരാസി മാധ്യമശൈലിപോലും മനോരമയുടെ അപവാദനിർമിതിക്ക് മുന്നിൽ ലജ്ജിച്ച് തലതാഴ്‌ത്തും.
ലൈഫ്‌മിഷൻ പദ്ധതിയിൽ കമീഷൻ പങ്കുപറ്റിയതിൽ മന്ത്രി പുത്രനും എന്ന പേരിൽ ഞായറാഴ്‌ച നൽകിയ നുണവാർത്തയ്‌ക്ക് വിശ്വാസ്യത വരുത്താനാണ് ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് ബാങ്ക് ലോക്കർ തുറന്നൂവെന്ന് തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ചത്. ഏത് മന്ത്രിയാണെന്ന് പറയാനുള്ള നട്ടെല്ലുറപ്പ്‌പോലും ഞായറാഴ്‌ച കാണിച്ചില്ല. ഈ വൻ നുണയ്‌ക്ക് ബലം നൽകാനുള്ള മ്ലേച്ഛമായ മുഖമാണ് തിങ്കളാഴ്‌ച പുറത്തെടുത്തത്. ഈ വാർത്ത അടിമുടി കള്ളമാണെന്ന് ഇപ്പോൾ തെളിഞ്ഞു.
ലൈഫ്‌മിഷൻ കമീഷനിൽ മന്ത്രി പുത്രന് പങ്ക് എന്ന വാർത്ത വന്നത് ഞായറാഴ്‌ചയാണ്. മന്ത്രിയുടെ ഭാര്യ പി കെ ഇന്ദിര കേരള ബാങ്ക് കണ്ണൂർ ശാഖയിൽ എത്തിയത് വ്യാഴാഴ്‌ചയും. ഇവർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ശനിയാഴ്‌ചയാണ്. കണ്ണൂർ ബാങ്ക് ശാഖയിലെ മുൻ ഉദ്യോഗസ്ഥയാണ് പി കെ ഇന്ദിര. ഇതെല്ലാം മറച്ചുവച്ച് കണ്ണടച്ച് കള്ളം പറയുകയാണ് മനോരമ ചെയ്‌തത്.
സ്വകാര്യ നിർമാണ കമ്പനികൾക്ക് സ്വപ്‌ന സുരേഷ് 100 കോടിയുടെ നിർമാണ പ്രവർത്തനം വാഗ്‌ദാനം ചെയ്‌തെന്നും അതിന് 15 ശതമാനം കമീഷൻ ആവശ്യപ്പെട്ടു എന്നുമാണ് മറ്റൊരു വാർത്ത. ലൈഫ് ചോദിച്ച കമീഷൻ 15 ശതമാനം എന്ന തരത്തിൽ ദുർവ്യാഖ്യാനവും നൽകി. സ്വകാര്യ കമ്പനികളെ വഞ്ചിക്കാൻ സ്വപ്‌ന ശ്രമിച്ചത് എങ്ങനെയാണ് ലൈഫ് മിഷന്റെ തലയിൽ കെട്ടിവയ്‌ക്കാൻ കഴിയുന്നത്. ഈ യുക്തി വായനക്കാർക്ക് തോന്നുമെങ്കിലും അന്തം വിട്ടാൽ എന്തും ചെയ്യുമെന്ന മട്ടിലായിരിക്കുകയാണ് മനോരമ. മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരെ എന്ത് വൃത്തികേടും എഴുതിവിടാമെന്ന നിലയിലേക്ക് മനോരമയടക്കമുള്ള ചില മാധ്യമങ്ങൾ അധഃപതിച്ചു. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന ഈ ശൈലി, യുഡിഎഫിനും ബിജെപിക്കും കുഴലൂത്ത് നടത്താനായി നിരന്തരം ഉപയോഗിച്ചു. സ്വർണക്കടത്ത് കേസിൽ അന്വേഷണം സർക്കാരിനെതിരെ ഒരു തരത്തിലും ആയുധമാക്കാൻ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് നട്ടെല്ലില്ലാത്ത മാധ്യമശൈലിയുമായി രംഗപ്രവേശം.
കോൺസുലേറ്റ് മതഗ്രന്ഥം നൽകിയത് സംബന്ധിച്ച് വിശദീകരണങ്ങളാണ് കെ ടി ജലീലിനോട് എൻഫോഴ്‌സ്‌മെന്റ് ആരാഞ്ഞത്. ബംഗളൂരുവിൽ ലഹരിക്കടത്ത് കേസിൽ അറസ്‌റ്റിലായ ഒരാളുടെ മൊഴിയിലെ പരാമർശത്തെ കുറിച്ചാണ് ബിനീഷ് കോടിയേരിയോട് ആരാഞ്ഞത്. എന്നാൽ, ഈ വസ്‌തുതകളെല്ലാം മറച്ചുപിടിക്കുകയാണ് മാധ്യമങ്ങൾ.
15-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ