പ്രോട്ടോകോൾ ലംഘിച്ചുള്ള സമരങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതി വിലക്കിയതാണ്

കോവിഡ് പടരാതിരിക്കാനുള്ള ശ്രമം നാടാകെ നടത്തുമ്പോൾ രോഗവ്യാപന തോത് വർധിപ്പിക്കാൻ ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കമാണ് നടത്തിയത്. പ്രോട്ടോകോൾ ലംഘിച്ചുള്ള സമരങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതി വിലക്കിയതാണ്. കോവിഡ്കാലത്ത് ആൾക്കൂട്ടങ്ങൾ ഉണ്ടാകരുത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തെ സമരമെന്ന് പറയാനാകില്ല. കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണ് അതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുസ്ഥലത്ത് ഇടപഴകാൻ നിയമപ്രകാരം ആർക്കും അനുവാദമില്ല. പരസ്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനുനേരേ ചീറിയടുക്കുന്ന കുറേ ആളുകളെയാണ് അവിടെ കണ്ടത്. അവർ സ്വന്തം സുരക്ഷയല്ല, ഈ നാടിൻറെ തന്നെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം നടത്തുന്നതിന് സർക്കാർ എതിരല്ല. എന്നാൽ, കോവിഡ് പ്രതിരോധം തകർക്കാനും അതിലൂടെ നാടിൻറെ നിയമസമാധാനത്തിനൊപ്പം ആരോഗ്യകരമായ നിലനിൽപ്പുകൂടി അട്ടിമറിക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അത് തടയുന്നത് സർക്കാരിൻറെ പ്രാഥമിക ഉത്തരവാദിത്വമാണ്. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം. അത്തരം നീക്കങ്ങളിൽ ജനപ്രതിനിധികൾ കൂടി ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാവില്ല.

രോഗം പടരാതിരിക്കാൻ നാടാകെ ശ്രമിക്കുകയാണ്. അതിനുവേണ്ടി ത്യാഗപൂർണമായി മാസങ്ങളോളം നമ്മുടെ ആരോഗ്യപ്രവർത്തകർ രംഗത്തുണ്ട്. സന്നദ്ധപ്രവർത്തകരും പൊലീസും സർക്കാർ സംവിധാനങ്ങളും വിശ്രമമില്ലാതെ ഇടപെടുന്നുണ്ട്. എന്നിട്ടും രോഗവ്യാപനം നമ്മെ വിഷമിപ്പിച്ചുകൊണ്ട് തുടരുകയാണ് എന്ന വസ്തുത ഓർക്കണം. രോഗം പടർത്താനുള്ള നേരിട്ടുള്ള ശ്രമങ്ങൾ ഇവിടെ നടന്നു. അത് ഇപ്പോൾ എല്ലാ പരിധിയും വിട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

15-Sep-2020