യുഡിഎഫും ബിജെപിയും ചേർന്ന് ആസൂത്രണം ചെയ്തതാണ് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ
അഡ്മിൻ
മന്ത്രി കെ ടി ജലീലിന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരാഭാസം പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അപകീർത്തിപ്പെടുത്താൻ ദിവസവും പത്രസമ്മേളനം നടത്തുന്ന വ്യക്തിയാണ് ചെന്നിത്തല. ഖുറാന്റെ മറവിൽ ജലീൽ സ്വർണ്ണം കടത്തിയെന്നത് പരിശോധിക്കണമെന്ന് പറഞ്ഞ ആളാണ് പി കെ കുഞ്ഞാലിക്കുട്ടി. ഇക്കൂട്ടരുടെ ആഹ്വാനപ്രകാരമാണ് നാട്ടിൽ അരാജകത്വം അരങ്ങേറുന്നത്. മന്ത്രി ജലീലിനെ അപായപ്പെടുത്താൻ നോക്കിയതും, അക്രമപരമ്പര അഴിച്ചു വിട്ടതും അതിന്റെ ഭാഗമായാണെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
ചെന്നിത്തല ഇപ്പോൾ നടത്തിയ തുറന്ന് പറച്ചിലിലൂടെ ജനങ്ങൾക്ക് യാഥാർത്ഥ്യം കുറേക്കൂടി വ്യക്തമായി. സിപിഐ എമ്മിനെതിരെ എല്ലാദിവസവും പത്രസമ്മേളനം നടത്തുന്ന ചെന്നിത്തല അന്വേഷണത്തെ വഴിതെറ്റിയ്ക്കാൻ ശ്രമിച്ച വി മുരളീധരന്റ പേരുപോലും പരമാർശിക്കാത്തതും ശ്രദ്ധേയമാണ്. യുഡിഎഫും ബിജെപിയും ചേർന്ന് ആസൂത്രണം ചെയ്തതാണ് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ.
സ്വർണ്ണക്കടത്ത് കേസിൽ ശരിയായ അന്വേഷണം നടത്താതിരിക്കുന്നതിനാണ് യുഡിഎഫും ബിജെപിയും പുതിയ ആരോപണങ്ങൾ ഉയർത്തുന്നത്. ഒരു ദിവസത്തെ ആയുസ്സുപോലുമില്ലാത്ത നുണകൾ ചില മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു. സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച പല ആരോപണങ്ങളും തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിട്ടുള്ളതാണ്. ചിലത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാധ്യമങ്ങൾ പറഞ്ഞ കാര്യം ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതും കേരളം കണ്ടതാണ്.
പ്രതിപക്ഷ നേതാവിന്റെ പദവിയ്ക്ക് ചേരാത്ത രൂപത്തിൽ അപവാദം പ്രചരിപ്പിച്ച് കലാപത്തിന് അണികളെ ഇളക്കിവിടുന്ന തരംതാണ രീതി അവസാനിപ്പിക്കാൻ ചെന്നിത്തല തയ്യാറാകണം. അല്ലെങ്കിൽ ദിവസവും തിരുത്തി പറയാൻ പത്രസമ്മേളനം വിളിക്കേണ്ട ഗതികേടിലാവുകയും സ്വയം പരിഹാസ്യനാവുകയും ചെയ്യുമെന്ന് ഓർക്കുന്നത് നല്ലതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.