നോർക്ക വഴി 5000 രൂപവീതം 78,000 പേർക്കാണ്‌ നൽകിയത്

ജോലി നഷ്ടപ്പെട്ട്‌ മടങ്ങിയെത്തിയ പ്രവാസികൾക്ക് 39 കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നോർക്ക വഴി 5000 രൂപവീതം 78,000 പേർക്കാണ്‌ നൽകിയത്‌. കേരളം പ്രവാസികൾക്കു മുന്നിൽ വാതിൽ കൊട്ടിയടയ്‌ക്കുന്നു എന്ന് പ്രചരിപ്പിച്ചവരുണ്ട്. എന്നാൽ, സർക്കാർ ഇവരെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് തെളിയിക്കുന്ന കണക്കാണിത്.

കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നത്. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തരയാത്രക്കാരാണ്. അന്താരാഷ്ട്ര യാത്രക്കാർ 3,80,385 (37.84 ശതമാനം). ആഭ്യന്തരയാത്രക്കാരിൽ 59.67 ശതമാനം പേരും റെഡ്സോണിൽനിന്നാണ് എത്തിയത്.

ആഭ്യന്തരയാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ വന്നത് കർണാടകത്തിൽനിന്നാണ്–- 1,83,034 പേർ. തമിഴ്നാട്ടിൽനിന്ന്‌ 1,67,881 പേരും മഹാരാഷ്ട്രയിൽനിന്ന്‌ 71,690 പേരുമെത്തി. അന്താരാഷ്ട്ര യാത്രക്കാരിൽ കൂടുതൽ വന്നത് യുഎഇയിൽനിന്നാണ്. 1,91,332 പേർ. ആകെ വന്ന അന്താരാഷ്ട്രയാത്രക്കാരുടെ 50.29 ശതമാനംവരുമിത്. സൗദി അറേബ്യയിൽനിന്ന്‌ 59,329 പേരും ഖത്തറിൽനിന്ന്‌ 37,078 പേരും വന്നു.

 

16-Sep-2020