ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരായി വലിയ കടന്നാക്രമണം നടക്കുന്ന സാഹചര്യത്തിലാണ് ഈ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്
അഡ്മിൻ
മോഡിസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്റ്റംബർ 22ന് കേരളത്തിൽ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. രാവിലെ 10.30 മുതൽ ഉച്ചവരെയാണ് സമരം. നൂറ് പേരിൽ കൂടുതൽ അധികരിക്കാത്തവിധത്തിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനകീയകൂട്ടായ്മ വൻവിജയമാക്കണമെന്ന് സിപിഐ എം അഭ്യർത്ഥിച്ചു.
ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടേയും ബാങ്ക് അക്കൗണ്ടിൽ അടുത്ത 6 മാസത്തേക്ക് ഓരോ മാസവും 7500/ രൂപ വീതം നൽകുക. ആവശ്യക്കാരായ എല്ലാവർക്കും ഓരോ മാസവും 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിവർഷം 200 തൊഴിൽദിനമെങ്കിലും ഉയർന്ന വേതനത്തിൽ ലഭ്യമാക്കുക. നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ നിയമം കൊണ്ടുവരണം. എല്ലാ തൊഴിൽരഹിതർക്കും വേതനം നൽകണം. ഭരണഘടന സംരക്ഷിക്കുകയും സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നീ മൗലികാവകാശങ്ങൾ എല്ലാ പൗരന്മാർക്കും ഉറപ്പാക്കുകയും ചെയ്യുക. എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള നീക്കത്തിനെതിരെ അണിചേരുക എന്നീ ആവശ്യങ്ങളാണ് സിപിഐ എം ഉയർത്തുന്നത്.
ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരായി വലിയ കടന്നാക്രമണം നടക്കുന്ന സാഹചര്യത്തിലാണ് ഈ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നവരെ കേസിൽ കുടുക്കാനും ജയിലിലടക്കാനും ശ്രമിക്കുന്നു. സിപിഐ എം ജനറൽ സെക്രട്ടറിക്കെതിരായ നീക്കവും ഇതിന്റെ ഭാഗമാണ്. വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുള്ള കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമിക്കുന്നു. ഇതിന് കോൺഗ്രസ്സും ലീഗും കൂട്ടുചേരുന്നു. കോലീബി സഖ്യം അക്രമസമരവും അപവാദപ്രചരണം നടത്തുന്നതും ഇതിന്റെ ഭാഗമാണ്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കള്ളപ്രചാരവേല സംഘടിപ്പിച്ച് എൽഡിഎഫ് സർക്കാർ കൈവരിച്ച വികസന നേട്ടങ്ങളെ മറച്ചു വെയ്ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ കേരളീയ സമൂഹം ഒന്നാകെ മുന്നോട്ടുവരണമെന്ന് സിപിഐ എം അഭ്യർത്ഥിച്ചു.