സർക്കാരിനെതിരായ അരാജക പ്രക്ഷോഭം നേരും നെറിയും ഇല്ലാത്തത്
അഡ്മിൻ
എൽഡിഎഫ് സർക്കാരിനെതിരായ വിശാല വലതുപക്ഷ അരാജക പ്രക്ഷോഭത്തിൽ ദിവസേന മരണപ്പെടുന്നത് നേരും നെറിയുമാണെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. തരാതരംപോലെ മന്ത്രിമാർക്കെതിരെ ആക്ഷേപം ഉയർത്തിയുള്ള വ്യാജവാർത്ത നിർമിതിയിൽ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം പരസ്‌പരം മത്സരിക്കുകയാണെന്ന് കോടിയേരി ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്ത്രിയുടെ മുൻ സ്റ്റാഫിനെയോ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതിന്റെ പേരിൽ ഭരണാധികാരികളോ പാർടി നേതാക്കളോ സമാധാനം പറയണം, സ്ഥാനമൊഴിയണം എന്നെല്ലാമുള്ള പ്രതിപക്ഷവാദം പ്രതിപക്ഷത്തെത്തന്നെ തിരിഞ്ഞുകുത്തുന്നതാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാരിനും സിപിഐ എം നേതൃത്വത്തിനുമെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്ന രാജി ആവശ്യവും നിലപാടും ഇരട്ടത്താപ്പും അസംബന്ധവുമാണ്. ഇതെല്ലാം മനസ്സിലാക്കാനുള്ള വിവേകം പ്രബുദ്ധ കേരളത്തിനുണ്ട്.കോടിയേരി പറഞ്ഞു.
പോസ്‌റ്റ് ചുവടെ
യുദ്ധം ആരംഭിച്ചാൽ ആദ്യം മരിക്കുന്നത് സത്യമാണെന്ന ചൊല്ല് ഇപ്പോൾ അന്വർത്ഥ മാവുന്നു. ഇവിടെ എൽഡിഎഫ് സർക്കാർവിരുദ്ധ വിശാല വലതുപക്ഷ അരാജക പ്രക്ഷോഭത്തിൽ ദിവസേന മരണപ്പെടുന്നത് നേരും നെറിയുമാണ്.
ഇതിന്റെ ദൃഷ്ടാന്തമാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് എതിരെവരെ അസംബന്ധ ആക്ഷേപങ്ങൾ. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ക്രിമിനൽ നടപടിയുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്. തരാതരംപോലെ മന്ത്രിമാർക്കെതിരെ ആക്ഷേപം ഉയർത്തുന്നു. എ സി മൊയ്തീൻ, ഇ പി ജയരാജൻ തുടങ്ങിയവർക്കെല്ലാമെതിരെ തലയും വാലുമില്ലാത്ത ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം വ്യാജവാർത്ത നിർമിതിയിൽ പരസ്പരം മത്സരിക്കുകയാണ്.
ജയരാജനും കുടുംബത്തിനുമെതിരെ കള്ളവാർത്തയുടെ സ്പെഷ്യൽ പതിപ്പായിരുന്നു ഒരുദിവസത്തെ മനോരമ പത്രം. ജയരാജന്റെ കുടുംബത്തിനെതിരെ സൃഷ്ടിച്ച ലോക്കർ വിവാദത്തിൽ മാധ്യമധാർമികതയുടെ നെല്ലിപ്പടിയാണ് കണ്ടത്. ജയരാജന്റെ മകനെതിരെ മാധ്യമവാർത്തകൾ വരുന്നതിനും മുന്നുനാൾ മുമ്പാണ് ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കർ തുറന്നത്. പേരക്കുട്ടികളുടെ പിറന്നാളിന് അവരുടെ മാലയെടുക്കുന്നതിനുവേണ്ടിയാണ് ലോക്കർ തുറന്നത്. എന്നിട്ടാണ് ഇല്ലാത്ത ക്വാറന്റൈൻ ലംഘനം എന്ന മനുഷ്യത്വഹീനമായ കെട്ടുകഥ ചമച്ചത്. രാഷ്ട്രീയ ശത്രുക്കൾ ഏർപ്പാട് ചെയ്ത വാടകഗുണ്ടകളുടെ തോക്കിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട, വെടിയുണ്ട തുളച്ചിറങ്ങിയതിന്റെ ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും അലട്ടുന്ന ധീരനായ കമ്യൂണിസ്റ്റായ ജയരാജന്റെ പൊതുപ്രവർത്തനത്തെ വേട്ടയാടാനുള്ള ഹീന നീക്കമായിരുന്നു ഈ കള്ളവാർത്തയ്ക്കു പിന്നിൽ.
ഇതിന് തുടർച്ചയായി സിപിഐ എം നേതൃത്വത്തെ താഴ്ത്തിക്കെട്ടാൻവേണ്ടി പാർടി നേതാക്കൾ തമ്മിൽ ഭിന്നതയെന്ന് വരുത്താൻ ഏഷ്യാനെറ്റ് ന്യൂസ് മറ്റൊരു നുണവാർത്ത പരത്തി. "ഇ പി ജയരാജൻ പാർടിക്ക് പരാതി കൊടുക്കും, കോടിയേരി–-ഇ പി തർക്കം രൂക്ഷമായേക്കും, പൊളിറ്റ്ബ്യൂറോയ്‌ക്ക് മുന്നിൽവരെ പ്രശ്നമെത്തും' എന്നിത്യാദി സങ്കൽപ്പലോകത്തെ കണ്ടെത്തലുകളാണ് വാർത്തയുടെ ലേബലിൽ പുറത്തുവിട്ടത്. കമ്യൂണിസ്റ്റ് വിരോധം മൂത്താൽ ഒരു ചാനൽ എവിടെവരെയെത്തും എന്നതിന് തെളിവായിരുന്നു ഇത്. ഈ അസംബന്ധ വാർത്ത പിൻവലിച്ച് മാപ്പ് പറയാനുള്ള മാന്യതപോലും ഇതുവരെ ആ ചാനൽ കാണിച്ചിട്ടില്ല.
എന്റെ മകൻ ബിനീഷിനെ കേന്ദ്ര ഏജൻസി ഇതിനിടെ ചോദ്യം ചെയ്തിരുന്നു. ഏതെങ്കിലും കാര്യങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എന്ത് ശിക്ഷയും നൽകട്ടെ. തന്റെ നിരപരാധിത്വം അന്വേഷണ ഏജൻസിക്ക് മുന്നിൽ തെളിയിക്കാനാണ് മകൻ ശ്രമിച്ചത്. കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്ത്രിയുടെ മുൻ സ്റ്റാഫിനെയോ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതിന്റെ പേരിൽ ഭരണാധികാരികളോ പാർടി നേതാക്കളോ സമാധാനം പറയണം, സ്ഥാനമൊഴിയണം എന്നെല്ലാമുള്ള പ്രതിപക്ഷവാദം പ്രതിപക്ഷത്തെത്തന്നെ തിരിഞ്ഞുകുത്തുന്നതാണ്.
റോബർട്ട് വാധ്രയെ ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾ 13 തവണയാണ് ചോദ്യം ചെയ്തത്. വാധ്രയുടെ ഭാര്യ പ്രിയങ്കഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയാണ്. അളിയൻ രാഹുൽഗാന്ധി കോൺഗ്രസിന്റെ തലതൊട്ടപ്പനാണ്. ഭാര്യാമാതാവാകട്ടെ എഐസിസി പ്രസിഡന്റായ സോണിയഗാന്ധിയുമാണ്. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയും കള്ളപ്പണക്കേസിൽ ജയിലിൽ അടയ്ക്കുകയും ചെയ്ത യെദ്യൂരപ്പയാണ് കർണാടകത്തിൽ മുഖ്യമന്ത്രിയായിരിക്കുന്നത്.
മോഡിയെയും അമിത് ഷായെയും നിരവധി കേന്ദ്ര ഏജൻസികളാണ് ചോദ്യം ചെയ്തിട്ടുള്ളത്. അവരുമായി ബന്ധപ്പെട്ട് കേസുകളുമുണ്ടായി. മുൻ കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ ഡൽഹിയിലെ വസതിയിൽ മതിൽ ചാടിക്കടന്നാണ് ഇഡി ചോദ്യം ചെയ്തത്. കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ അടച്ച ചിദംബരത്തെ കോൺഗ്രസിന്റെ 21 അംഗ പ്രവർത്തകസമിതിയിൽ ഇപ്പോൾ അംഗമാക്കിയിട്ടുണ്ട്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാരിനും സിപിഐ എം നേതൃത്വത്തിനുമെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്ന രാജി ആവശ്യവും നിലപാടും ഇരട്ടത്താപ്പും അസംബന്ധവുമാണ്. ഇതെല്ലാം മനസ്സിലാക്കാനുള്ള വിവേകം പ്രബുദ്ധ കേരളത്തിനുണ്ട്.
18-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ