മന്ത്രി ബാലന്റെ വാഹനത്തിന്‌ നേരേ സ്‌ഫോടക വസ്തു എറിഞ്ഞു

ഖുർആൻ വിതരണം ചെയ്‌തതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന വ്യാപകമായി  കോൺഗ്രസിന്റെയും ബിജെപിയുടെയും ആസൂത്രിത അക്രമം. സംഘടിതമായെത്തിയ അക്രമികളുടെ കല്ലേറും അടിയും ചവിട്ടും കുത്തുമേറ്റ്‌ പാലക്കാട്ട്‌ മാത്രം 13 പൊലീസുകാർക്ക്‌ പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്‌. മൂന്ന്‌ വനിതാ പൊലീസുകാർക്കും പരിക്കുണ്ട്‌.

പാലക്കാട്‌ ടൗൺ നോർത്ത് സ്റ്റേഷനിലെ സിപിഒ ലിജുവിനാണ്‌ ‌കല്ലേറിൽ കവിളിലും താടിയെല്ലിനും ഗുരുതര പരിക്കേറ്റത്.  ഒമ്പത്‌ തുന്നലുണ്ട്‌.  സിവിൽസ്റ്റേഷനു മുന്നിൽ സ്ഥാപിച്ച ബാരിക്കേഡുകൾ ഇളക്കിയശേഷം ആയുധങ്ങളുപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു.

ട്രാഫിക് സ്റ്റേഷനിലെ സിപിഒ സുനിൽ ഉൾപ്പെടെ മൂന്ന്‌ പൊലീസുകാരുടെ തോളെല്ലിനു പരിക്കേറ്റു. പാലക്കാട്‌ ടൗൺ സൗത്ത് സ്റ്റേഷനിലെ സീനിയർ സിപിഒ ജഗദംബികയുടെ കാലിന്‌ പരിക്കേറ്റു. സിപിഒമാരായ പ്രീത, റിഷികേശൻ, റഷീദ്, പ്രദീപ്, നോർത്ത് സ്റ്റേഷനിലെ സിപിഒ സന്തോഷ്, എ ആർ ക്യാമ്പിലെ സിപിഒമാരായ സനു, സുരേഷ്‌കുമാർ, പ്രസാദ്, ട്രാഫിക് സ്റ്റേഷനിലെ ഷീബ, കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെ സിപിഒ വിനോദ് എന്നിവർക്കും പരിക്കേറ്റു.മന്ത്രിയുടെ എടപ്പാൾ നരിപ്പറമ്പിലെ ക്യാമ്പ്‌ ഓഫീസിനുനേരെ യുഡിഎഫുകാർ കല്ലെറിഞ്ഞു. പൊലീസിന്‌ നേരെയും അക്രമമുണ്ടായി.

മന്ത്രി എ കെ ബാലന്റെ ഔദ്യോഗിക വാഹനത്തിന്‌ നേരെ കൊല്ലം ചവറയിൽ യൂത്ത്‌ കോൺഗ്രസുകാർ സ്‌ഫോടക വസ്തു എറിഞ്ഞു.കോട്ടയത്ത്‌ യുവമോർച്ച  നടത്തിയ മാർച്ചിലാണ്‌ അക്രമം.  കല്ലേറുമുണ്ടായി.  തൃശൂരിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ സിറ്റിപൊലീസ് കമീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ഒരാൾക്ക്‌ ബാരിക്കേഡിൽ നിന്ന്‌ വീണ്‌ പരിക്കേറ്റു.

 

18-Sep-2020