കോവിഡ് ഭീഷണി കാരണം ദുബായിലാണ് ഇത്തവണ ഐപിഎൽ അരങ്ങേറുന്നത്
അഡ്മിൻ
പ്രതിസന്ധികൾക്ക് ഇടവേള. ലോകം ഇനി ക്രിക്കറ്റ് ലഹരിയിലേക്ക്. ഐപിഎൽ ട്വന്റി–-20 ക്രിക്കറ്റിന്റെ 13–-ാം പതിപ്പിന് നാളെ തുടക്കം. രാത്രി 7.30ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവർത്തനമാണ് ഇത്തവണത്തെ ഉദ്‌ഘാടന മത്സരം. കോവിഡ് ഭീഷണി കാരണം ദുബായിലാണ് ഇത്തവണ ഐപിഎൽ അരങ്ങേറുന്നത്. നവംബർ പത്തിനാണ് ഫൈനൽ.
മാർച്ച് 29നായിരുന്നു ലീഗ് ആദ്യം നിശ്ചയിച്ചത്. എന്നാൽ, കോവിഡ് എല്ലാം തകർത്തു. അനിശ്ചിതകാലത്തേക്ക് നീട്ടി. ഒരുഘട്ടം ഈ സീസൺ ഉപേക്ഷിക്കാനുള്ള തീരുമാനത്തിനും അരികെയെത്തി. എന്നാൽ, ഒക്‌ടോബറിൽ നടത്തേണ്ട ട്വന്റി–-20 ലോകകപ്പ് അടുത്ത വർഷത്തേക്ക് നീട്ടിയതോടെ ഐപിഎലിന് സാധ്യത തെളിഞ്ഞു. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ മാറ്റമില്ലാതായതോടെ ലീഗ് വിദേശത്തേക്ക് പറിച്ചുനടാൻ ബിസിസിഐ ഒരുങ്ങിയത്. ഇതോടെയാണ് ദുബായ് വേദിയായത്. 2009ൽ ഐപിഎൽ രണ്ടാം സീസൺ ദക്ഷിണാഫ്രിക്കയിൽ നടത്തിയിരുന്നു.
കാണികൾക്ക് പ്രവേശനമില്ല. എട്ട് ടീമുകൾ കിരീടത്തിനായി ഏറ്റുമുട്ടും. ദുബായ്, അബുദാബി, ഷാർജ എന്നീ വേദികളിലാണ് മത്സരങ്ങൾ. ലീഗ് ഘട്ടത്തിൽ 56 കളികളാണ്. രാത്രി ഏഴരയ്‌ക്കാണ് മത്സരങ്ങൾ. എട്ട് ദിവസം രണ്ട് കളികളുണ്ട്. ഒന്ന് മൂന്നരയ്‌ക്കാണ്.