കേരളത്തിൽ വിമോചന സമരത്തിന് ശ്രമം : കോടിയേരി

വിമോചനസമരകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള പ്രചരണമാണ് പ്രതിപക്ഷം ഇപ്പോൾ കേരളത്തിൽ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പശ്ചിമ ബംഗാളിലും തൃപുരയിലും സർക്കാരിനെ ഇറക്കാൻ ശ്രമിച്ചത് ഇതേ തന്ത്രത്തിലൂടെയാണ്. എന്നാൽ കാലം മാറിയെന്ന് പ്രതിപക്ഷം മനസിലാക്കണം. ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്. ഈ സമരത്തിനു മുന്നിൽ കീഴടങ്ങില്ല. ഈ മന്ത്രിസഭ വികസന പദ്ധതികളുമായി മുന്നോട്ട് തന്നെ പോകും. ജനങ്ങളാണ് എൽഡിഎഫിനെ തെരഞ്ഞെടുത്ത്. ആ ജനങ്ങളിലാണ് എൽഡിഎഫിന് വിശ്വാസവും. ജനങ്ങളെ അണിനിരത്തി തന്നെ അക്രമസമരത്തെ നേരിടുമെന്നും കോടിയേരി പറഞ്ഞു.

എൻഐഎ കെ ടി ജലീലിനെ വിളിപ്പിച്ചപ്പോൾ നൽകിയ നോട്ടീസ് പുറത്തുവന്നതാണ്. സാക്ഷിമൊഴിയെടുക്കാനാണ് ജലീലിനെ വിളിപ്പിച്ചതെന്ന് നോട്ടീസിൽ വ്യക്തമാണ്. സ്വർണക്കടത്ത് കേസുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള ശ്രമമെല്ലാം തകർന്നു. കേസിൽ കസ്റ്റംസും എൻഐഎയും പിടികൂടിയവർ ബിജെപിയുമായും മുസ്ലിം ലീഗുമായും യുഡിഎഫുമായും ബന്ധമുള്ളവരാണ്. അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് തന്നെ എത്തും എന്ന സ്ഥിതി വന്നപ്പോൾ ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിതതന്ത്രമാണ് സമരങ്ങളെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമല്ല എൽഡിഎഫ് സർക്കാരിന്റേത്. എന്നാൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പല ഉന്നതർക്കെതിരെയും അന്വേഷണം വന്നപ്പോൾ സ്വീകരിച്ച നിലപാട് സിബിഐക്ക് രാജസ്ഥാനിൽ പ്രവേശനമില്ല എന്നാണ്. പശ്ചിമബംഗാളിൽ മമത സർക്കാരും ഇതേ നിലപാട് സ്വീകരിച്ചു. എൽഡിഎഫ് സ്വീകരിക്കുന്ന നയം സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ എന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വർണക്കടത്ത് കേസിൽ യുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയത്. മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രകീർത്തിച്ചുകൊണ്ടാണ് എൻഐഎയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ സംസാരിച്ചത്.

ഓരോദിവസവും ഓരോ കാര്യങ്ങളാണ് പ്രതിപക്ഷം പറയുന്നത്. പിന്നീടത് മാറ്റിപ്പറയും. സ്വർണക്കടത്തിൽ കെ ടി ജലീലിന് ബന്ധമുണ്ടെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. പിന്നെ പറഞ്ഞു പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്ന്. ഖുറാൻ വിതരണം ചെയ്തതിനെതിരായിട്ടായി പിന്നത്തെ പ്രചരണം. യുഎഇയിൽ നിന്ന് ജലീൽ ചോദിച്ച് വാങ്ങിയതല്ല ഖുറാൻ. ഇവിടുത്തെ യുഎഇ കോൺസുലേറ്റ് ജനറലിനാണ് ഖുറാൻ വന്നത്. വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലുള്ള ഇടപെടൽ മാത്രമാണ് ജലീൽ നടത്തിയത്. ഖുറാൻ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല. എന്നിട്ടും ആർഎസ്എസ് നടത്തിയ പ്രചരണത്തിൽ എന്തിന് കൂട്ടുനിൽക്കുന്നുവെന്ന് യുഡിഎഫ് ആലോചിക്കണം.

അൽപ്പായുസ്സ് മാത്രമുള്ള പ്രചരണങ്ങൾ ഏറ്റെടുത്താണ് യുഡിഎഫ് അക്രമസമരത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സമരത്തിന് ആളെ കിട്ടാതാകുമ്പോൾ പൊലീസിനെ ആക്രമിക്കുക. ഗുണ്ടാസംഘത്തെ അണിനിരത്തുക- ഇതാണ് ഇപ്പോൾ നടക്കുന്നത്. ഒരു പൊലീസുകാരനെ കൊലപ്പെടുത്തി വെടിവെപ്പുണ്ടാക്കുക രക്തസാക്ഷികളെ സൃഷ്ടിക്കുക എന്നിങ്ങനെ കേരളത്തിൽ ചോരപ്പുഴയൊഴുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമരമാണ് നടക്കുന്നത്.

എൽഡിഎഫിന് തുടർഭരണമുണ്ടാകുമെന്ന് കണ്ടതോടെയാണ് സർക്കാരിനെതിരെ യുദ്ധംപ്രഖ്യാപിക്കാൻ പ്രതിപക്ഷം ഇറങ്ങിയത്. കേരളത്തിലെ ധനമൂലധന ശക്തികളും പുറത്തുള്ള ചില കോർപറേറ്റുകളും ഒരുവിഭാഗം ജാതിമത ശക്തികളും ഇവർക്കെല്ലാവിധ സഹായവും നൽകിക്കൊണ്ടിരിക്കുന്നു. കോർപറേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഇതിന്റെ കൂടെചേർന്നിട്ടുണ്ട്. ഇങ്ങനെ വലതുപക്ഷ ശക്തികൾ ചേർന്ന് നടത്തുന്ന ഒരു യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമരകോലാഹലങ്ങൾ.

ഇത്തരത്തിലുള്ള കുപ്രചരണത്തിലൊന്നും പെട്ട് പോകാതെ ജനപക്ഷ നിലപാട് സ്വീകരിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. അതിന്റെ ഭാഗമാണ് 100 ദിവസം കൊണ്ട് 100 പദ്ധതികൾ നടപ്പാക്കാൻ സർക്കാരെടുത്ത തീരുമാനം. കേരളത്തിലെ എല്ലാ വീട്ടുകാർക്കും ആശ്വാസം നൽകുന്ന പദ്ധതികളാണ്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കി. ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ തകർക്കാനാണ് യുഡിഎഫും ബിജെപിയും സമാന്തരമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
പി കെ കുഞ്ഞാലിക്കുട്ടി പരസ്യമായി പറഞ്ഞത് ബിജെപിയല്ല സിപിഐ എമ്മാണ് തങ്ങളുടെ ശത്രുവെന്നാണ്. മുസ്ലിം ലീഗ് തന്നെ ബിജെപിയുമായി അടുത്ത തെരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കാൻ തയ്യാറാണെന്നാണ് അതിനർത്ഥം. മാറാട് കേസ് സിബിഐ ഏറ്റെടുത്തിട്ട് കുറേക്കാലമായി. എന്നാൽ അന്വേഷണ നടപടികൾ സിബിഐ മുന്നോട്ടു കൊണ്ടുപോകുന്നില്ല. മാറാട് കേസിന്റെ അന്വേഷണ നടപടികൾ സിബിഐ നടത്താത്തതും കുഞ്ഞാലിക്കുട്ടി സ്വീകരിച്ചിരിക്കുന്ന നിലപാടും തമ്മിൽ ബന്ധമുണ്ടോയെന്ന് ലീഗ് വ്യക്തമാക്കണം.

യുഡിഎഫിനും ഇന്ന് ബിജെപിയോട് വിരോധമില്ല. കോൺഗ്രസ് കേരളത്തിൽ ബിജെപിയെ എതിർക്കാൻ തയ്യാറല്ല. യുഡിഎഫ് ഭരണകാലത്ത് നടന്ന ഏറ്റവും വലിയ കുംഭകോണമാണ് ടൈറ്റാനിയം കേസ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും പ്രതികളാണ്. ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ടിട്ട് ഒരു കൊല്ലമായി. എന്നാൽ അതിന്റെമേൽ തുടർനടപടികൾ സിബിഐ സ്വീകരിക്കുന്നില്ല. ടൈറ്റാനിയം കേസ് ഒതുക്കുന്നതും കോൺഗ്രസ് കേരളത്തിൽ സ്വീകരിക്കുന്ന നിലപാടും തമ്മിൽ ബന്ധമുണ്ടോ ?

ബിജെപിയുടെ ഒരുനിലപാടിനെപ്പോലും എതിർക്കാൻ കേരളത്തിലെ കോൺഗ്രസ് തയ്യാറല്ല. സിപിഐ എം വിരുദ്ധ-ഇടതുപക്ഷ വിരുദ്ധ സഖ്യം രൂപപ്പെടുത്തിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇത്. മുൻപ് ജമാഅത്തെ ഇസ്ലാമിയുമായും എസ്‌ഡിപിഐയുമായും സഖ്യമുണ്ടാക്കാൻ കോൺഗ്രസും ലീഗും തീരുമാനിച്ചു. എല്ലാ മതതീവ്രവാദ ശക്തികളുമായും സഖ്യമുണ്ടാക്കാനുള്ള നീക്കം എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കും. ഇതിനെിരായി എല്ലാ മതനിരപേക്ഷ ശക്തികളെയും ഒന്നിച്ചണിനിരത്തിക്കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് പാർടി നേതൃത്വം കൊടുക്കും.

ബിജെപിയുടെയും യുഡിഎഫിന്റെയും സമരങ്ങൾ എൽഡിഎഫ് സർക്കാരിനെതിരെയുള്ള അട്ടിമറി ശ്രമമാണ്. എന്നാൽ ഇവരുടെ സമരത്തിന് ജനപിന്തുണയില്ല. ഇതോടെ സമരങ്ങൾ ഗുണ്ടായിസത്തിലേക്ക് മാറിയിരിക്കുന്നു. അറിയപ്പെടുന്ന ഗുണ്ടകളെ സമരത്തിലേക്ക് കോൺഗ്രസും ബിജെപിയും റിക്രൂട്ട് ചെയ്യുകയാണ്. തിരുവന്തപുരത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം സംഘടിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. മന്ത്രിമാർ സഞ്ചരിക്കുന്ന ഘട്ടത്തിൽ കൊലപ്പെടുത്താനും അക്രമിക്കാനും നടന്ന ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. കെ ടി ജലീലിനും എ കെ ബാലനുമെതിരെ നടന്ന ആക്രമങ്ങൾ ആസൂത്രിതമാണ്. എന്നാൽ ഈ സമരങ്ങളെ ജനങ്ങൾ നേരിടും. സർക്കാരിനെതിരെ വരുന്ന എല്ലാ പ്രചരണങ്ങളെയും ജനങ്ങളെ അണിനിരത്തി നേരിടാൻ എൽഡിഎഫിന് കഴിയും.

കോവിഡുകാലത്ത് ഇത്തരം സമരം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടക്കുന്നു. കേരളത്തിൽ കോവിഡ് വ്യാപിക്കാനുള്ള കാരണം ഇത്തരത്തിൽ പ്രോട്ടോക്കോൾ ലംഘിച്ചു നടത്തുന്ന സമരങ്ങളാണ്. ഏറ്റവും കൂടുതൽ കോവിഡ് വ്യാപിക്കുന്നത് തിരുവനന്തപുരത്താണ്. അവിടെയാണ് ഏറ്റവും കൂടുതൽ സമരങ്ങളും നടക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 22ന് ജില്ലാ കേന്ദ്രങ്ങളിലുള്ള കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുൻപിൽ ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കും. ആവശ്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ പല ബില്ലുകളും കേന്ദ്രസർക്കാർ പാസാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കർഷകദ്രോഹമായ ബില്ല് പാസാക്കിയിരിക്കുന്നു. കരാർ കൃഷി വ്യാപകമാക്കുന്നതിനും ഊഹക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിനും കോർപറേറ്റുകൾക്ക് കാർഷികരംഗം കീഴടക്കാനുമുള്ള നയമാണ് മോഡി സർക്കാർ ഈ ബില്ലിലൂടെ കൈക്കൊണ്ടത്. വരുംദിവസങ്ങളിൽ രാജ്യവ്യാപകമായ കർഷകരോഷമായി ഇത് വളർന്ന് വരും.

അഴീക്കോടൻ രക്തസാക്ഷിദിനം സെപ്തംബർ 23ന് സമുചിതമായി ആചരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ഏരിയ കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കും. ആ ഏരിയയിലെ രക്തസാക്ഷികുടുംബങ്ങളെയും പരിപാടിയിൽ പങ്കെടുപ്പിക്കും. കേരളത്തിൽ കോൺഗ്രസ് നടത്തുന്ന അക്രമങ്ങളെയും, കോൺഗ്രസും ബിജെപിയും ചേർന്നുള്ള അട്ടിമറിശ്രമങ്ങളെയും തുറന്നുകാട്ടുമെന്നും കോടിയേരി പറഞ്ഞു.

18-Sep-2020