മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.  ശക്തമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴകി  വീണുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.

ഇടുക്കി, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു.നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിലും റെഡ്‌അലർട്ട്‌ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ  കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്‌.

ആലപ്പുഴ, കോട്ടയം, എറണാകുളം , തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിൽ ഇന്നും കോട്ടയം എറണാകുളം , തൃശുർ, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചു.

റെഡ്-ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്. മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്‌.

19-Sep-2020