കൊച്ചിയിൽ പിടിയിലായവർ കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് ഇവിടെ കഴിഞ്ഞിരുന്നത്

എറണാകുളത്ത്‌നിന്ന്‌  മൂന്ന് അൽഖ്വയ്‌ദ ഭീകരരെ  എൻഐഎ സംഘം  പിടികൂടി. പെരുമ്പാവൂരിൽ നിന്ന്‌ ഒരാളേയും ആലുവ പാതാളത്തുനിന്ന്‌ 2 പേരേയുമാണ്‌ പുലർച്ചെ നടത്തിയ റെയ്‌ഡിൽ പടിച്ചത്‌. .മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായത്‌. ഇവർ പശ്‌ചിമബംഗാൾ സ്വദേശികളാണ്‌.

ഡൽഹിയിൽ  അൽഖ്വ‌‌യ്‌ദ മോഡൽ ആക്രമണത്തിനടക്കം പദ്ധതിയിട്ടവരാണ്‌ ഇവരെന്നും സംശയിക്കുന്നു. ഇവരടക്കം 9 പേരെയാണ്‌ എൻഐഎ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ പിടികൂടിയത്‌.  പിടിയിലായവർ എല്ലാവരും പശ്‌ചിമബംഗാൾ സ്വദേശികളാണ്‌.

കൊച്ചിയിൽ പിടിയിലായവർ   കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് ഇവിടെ കഴിഞ്ഞിരുന്നത്‌. കുടുംബവും ഒപ്പമുണ്ടായിരുന്നു. ആലുവ റൂറൽ പൊലീസിന്റെയും സംസ്‌ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്താലാണ്‌ ഇവരെ പിടികൂടിയത്‌. പിടിയിലായവരെ കൊച്ചി എൻഐഎ ഓഫീസിൽ എത്തിച്ചു. കേസ്‌ ഡൽഹി യൂണിറ്റിലാണ്‌ രെജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. അതിനാൽ പ്രതികളെ ഡൽഹിയിലേക്ക്‌ കൈമാറിയേക്കും .

ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു.പാകിസ്‌ഥാൻ ആസ്‌ഥാനമായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ളവരാണ്‌ പിടിയിലായതെന്നാണ്‌ സൂചന .

 

19-Sep-2020