അമേരിക്കയുടെ നിയമവിരുദ്ധമായ നടപടികൾ അനുസരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് ബാധ്യതയില്ലെന്ന് റഷ്യയും വ്യക്തമാക്കി
അഡ്മിൻ
ആണവപ്രശ്‌നത്തിൽ അഞ്ച് വർഷംമുമ്പ് യുഎൻ ഇളവുചെയ്‌ത ഉപരോധങ്ങൾ ഇറാനെതിരെ പുനഃസ്ഥാപിക്കുന്നതായി ഏകപക്ഷീയമായി അമേരിക്കൻ പ്രഖ്യാപനം. എന്നാൽ, അമേരിക്കയുടെ യൂറോപ്യൻ സഖ്യരാഷ്‌ട്രങ്ങൾപോലും ഈ നീക്കം തള്ളിയതോടെ വിഷയത്തിൽ അമേരിക്ക വീണ്ടും ഒറ്റപ്പെട്ടു. ‘ഉപരോധം’ ലംഘിക്കുന്ന എല്ലാ രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി ഉണ്ടാകും എന്ന് അമേരിക്ക ഭീഷണിപ്പെടുത്തി. അതിനുള്ള ഉത്തരവ് തിങ്കളാഴ്‌ച പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു.
2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവ കരാർ ഇറാൻ ലംഘിച്ചു എന്നാരോപിച്ചാണ് ഉപരോധം പുനഃസ്ഥാപിച്ചതായി അമേരിക്ക പ്രഖ്യാപിച്ചത്. ആണവ കരാർ അംഗീകരിച്ച യുഎൻ രക്ഷാസമിതി പ്രമേയം അനുസരിച്ചുള്ള ‘സ്‌നാപ്‌ബാക്’ അവകാശം ഉപയോഗിച്ചാണ് നടപടി. യുഎൻ ഉപരോധങ്ങൾ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അമേരിക്ക അവതരിപ്പിച്ച പ്രമേയം കഴിഞ്ഞമാസം യുഎൻ രക്ഷാസമിതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക സ്‌നാപ്‌ബാക് വകുപ്പ് പ്രയോഗിച്ചത്.
എന്നാൽ, 2015ലെ കരാറിൽനിന്ന് 2018ൽ ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയ്‌ക്ക് കരാർ ശരിവച്ചുള്ള യുഎൻ പ്രമേയത്തിൽ പറയുന്ന അവകാശമില്ലെന്ന് രക്ഷാസമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾ വ്യക്തമാക്കി. അമേരിക്കൻ നടപടിക്ക് നിയമസാധുതയില്ലെന്ന് കരാറിൽ ഒപ്പിട്ട ആറ് വൻ ശക്തികളിൽ ഒന്നായ ജർമനിയും രക്ഷാസമിതി സ്ഥിരാംഗങ്ങളായ ബ്രിട്ടനും ഫ്രാൻസും ഞായറാഴ്‌ച സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി. വെള്ളിയാഴ്‌ച രക്ഷാസമിതി പ്രസിഡന്റിന് അയച്ച കത്തിലും ഈ രാജ്യങ്ങൾ അമേരിക്കയ്‌ക്ക് യുഎൻ ഉപരോധം പുനഃസ്ഥാപിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്കയുടെ നിയമവിരുദ്ധമായ നടപടികൾ അനുസരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് ബാധ്യതയില്ലെന്ന് റഷ്യയും വ്യക്തമാക്കി.പ്രസിഡന്റ് ട്രംപ് അധികാരമേറ്റശേഷം വിവിധ യുഎൻ ഏജൻസികളിൽനിന്നും അന്താരാഷ്‌ട്ര സംഘടനകളിൽനിന്നും ഏകപഷീയമായി പിൻവാങ്ങിയ അമേരിക്ക ഈ വിഷയത്തിൽ തീർത്തും ഒറ്റപ്പെടുന്നതാണ് സ്ഥിതി. ഇറാനെതിരെ നീക്കത്തിന് നേതൃത്വം നൽകുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണവ കരാറും യുഎൻ പ്രമേയങ്ങളും വായിച്ചിട്ടില്ലെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സറീഫ് പറഞ്ഞു. അതെല്ലാം മനസ്സിലാകുന്നതിന് സിനിമ ഇറങ്ങാൻ കാത്തിരിക്കുകയാണ് പോംപിയോ എന്നും സറീഫ് പരിഹസിച്ചു.