യുഡിഎഫ് പാനലിൽ മത്സരിച്ചവരുടെ പ്രചരണത്തിന് വേണ്ടി ബിജെപി ജില്ലാ നേതാവ് വീട് കയറിയത് തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചയായിരുന്നു

കോതമംഗലം പിണ്ടിമനയിൽ വിചിത്രമായ കോലീബി സഖ്യം കൗതുകമുണർത്തുന്നു.
യുഡിഎഫിന്റെ ബാങ്ക് ഭരണസമിതി അംഗവും ബിജെപിയുടെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ആയി ഒരേ ആൾ വന്നതോടെയാണ് കോലീബി സഖ്യം വീണ്ടും ചർച്ചയാകുന്നത്.

പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിൽ രണ്ട് ആർഎസ്എസ്- ബിജെപി അംഗങ്ങൾ മത്സരിച്ച് വിജയിച്ചിരുന്നു, സംവരണ വാർഡിൽ മത്സരിച്ച് വിജയിച്ച അരുൺ കെ കെ ആണ് ഇപ്പോൾ ബിജെപിയുടെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുന്നത് കോൺഗ്രസ് മുസ്ലിം ലീഗ് നേതൃത്വങ്ങളാണ്. പരസ്പര ധാരണയോടെ കോൺഗ്രസ്, ലീഗ്, ബിജെപി സഖ്യമായി മത്സരിച്ചത് കൊണ്ട് നടപടിയെടുക്കാൻ കഴിയാതെ പ്രതിരോധത്തിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം.

അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായിരുന്ന ബാങ്ക് പിടിച്ചെടുക്കാൻ വേണ്ടിയാണ് കോൺഗ്രസും ലീഗും ബിജെപിയും ഒരുമിച്ച് മത്സരിച്ചത്. യുഡിഎഫ് പാനലിൽ മത്സരിച്ചവരുടെ പ്രചരണത്തിന് വേണ്ടി ബിജെപി ജില്ലാ നേതാവ് വീട് കയറിയത് തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചയായിരുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പല വാർഡുകളിലും യുഡിഎഫ് ബിജെപി സഖ്യമുണ്ടായിരുന്നു.  രണ്ടാം വാർഡിൽ സ്ഥാനാർത്ഥിയെ നിർത്താതിരുന്ന ബിജെപി കോൺഗ്രസിന് പരസ്യ പിന്തുണ കൊടുത്തതും ചർച്ചയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ തുടരുന്ന പിണ്ടിമനയിലെ കോലീബി സഖ്യം വരുന്ന തിരഞ്ഞെടുപ്പിലും അവർത്തിക്കുന്നതിന് വേണ്ടിയാണ് അണികൾക്കിടയിൽ പ്രതിഷേധമുയർന്നിട്ടും യുഡിഎഫ് നേതൃത്വം മൗനം തുടരുന്നതെന്ന് സിപിഐ എം പിണ്ടിമന ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു പി നായർ പ്രതികരിച്ചു.

21-Sep-2020