ഇന്ത്യക്കാർ വിദേശ ബാങ്കുകളിൽ നടത്തിയ സംശയകരമായ ആയിരക്കണക്കിന് ഇടപാടുകളുടെ വിവരം അമേരിക്കൻ ഏജൻസി പുറത്തുവിട്ടു
അഡ്മിൻ
സാമ്പത്തിക തട്ടിപ്പുനടത്തി രാജ്യം വിട്ടവരെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ ആത്മാർഥമായി ശ്രമിക്കുന്നില്ലെന്ന് വെളിവാക്കുന്ന രേഖകൾ പുറത്ത്. ഇന്ത്യക്കാർ വിദേശ ബാങ്കുകളിൽ നടത്തിയ സംശയകരമായ ആയിരക്കണക്കിന് ഇടപാടുകളുടെ വിവരം അമേരിക്കൻ ഏജൻസി പുറത്തുവിട്ടു.
ദേശത്ത് ഇന്ത്യക്കാർ നിക്ഷേപിച്ച കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് 2014ൽ അധികാരത്തിലെത്തിയ നരേന്ദ്രമോഡി സർക്കാരിന്റെ വിശ്വാസ്യത പാടെ തകർക്കുന്നതാണ് അമേരിക്കൻ ധനവ്യയവകുപ്പ് ഏജൻസി ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്‌സ്‌മെന്റ് നെറ്റ്‌വർക്ക്(ഫിൻസെൻ) പുറത്തുവിട്ട രേഖകൾ. 1999–-2017 കാലത്തെ ഇടപാടുകളുടെ രേഖകൾ മോഡിസർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നു.
വിവാദ വജ്രവ്യാപാരി, പാപ്പരായി പ്രഖ്യാപിച്ച ഉരുക്കുകമ്പനി, ആഡംബര കാർ ഡീലർ, ഐപിഎൽ ടീമിന്റെ സ്‌പോൺസർ എന്നിവരുടെ അടക്കം 3,201 സംശയകരമായ ഇടപാടുകൾ രേഖകളിലുണ്ട്. മൊത്തം 153 കോടി ഡോളറിന്റെ(11,000ൽപരം കോടി രൂപ) ഇടപാടുകളിൽ അയച്ച വ്യക്തിയുടെയും ബാങ്കുകളുടെയും ഗുണഭോക്താവിന്റെയും ഇന്ത്യയിലെ മേൽവിലാസവുമുണ്ട്. പുറത്തുള്ള വിലാസങ്ങളിലൂടെയും ആയിരക്കണക്കിന് ഇടപാടുകൾ നടന്നു. സ്വിസ് ലീക്ക്‌സ്(2015), പനാമ പേപ്പേഴ്‌സ്(2016), പാരഡൈസ് പേപ്പേഴ്‌സ്(2017) എന്നീ അന്വേഷണ പരമ്പരകൾ വഴി കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടും സർക്കാർ അനങ്ങിയിരുന്നില്ല. 2ജി കുംഭകോണവുമായി ബന്ധപ്പെട്ട കമ്പനികൾ, എയർസെൽ–-മാക്‌സിസ് അഴിമതിയുമായി ബന്ധപ്പെട്ടവർ, അഗസ്‌തവെസ്‌റ്റ്‌ലാൻഡ് കേസിലെ ഇടപാടുകാർ എന്നിവരും രേഖകളിൽ പരാമർശിക്കപ്പെടുന്നു. 2ജി കേസിൽ അന്വേഷണം സിബിഐ അട്ടിമറിച്ചുവെന്നതിന് വ്യക്തമായ തെളിവാണ് പുറത്തുവന്ന രേഖകൾ. മറ്റ് അഴിമതിക്കേസുകൾ കേന്ദ്രം രാഷ്ട്രീയആവശ്യത്തിനുവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.