ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി

പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് സംസ്ഥാന സർക്കാർ നിയമവിജയം കൈവരിച്ചത്. ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

 കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി. പാലം പൊളിച്ചു പണിയുന്നതിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു.

വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നായിരുന്നു കിറ്റ്‌കോയും നിർമാണകമ്പനിയും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് പൊതുതാൽപര്യാർത്ഥമുള്ള വിഷയമാണെന്നും ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് പാലം പൊളിച്ചുപണിയണമെന്നും സംസ്ഥാന സർക്കാർ വാദിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടും പൊതുതാൽപര്യമെന്ന നിലപാടും അംഗീകരിച്ചാണ് സുപ്രീംകോടതി വിധി.

22-Sep-2020