കോവിഡിനെതിരായ സര്‍ക്കാര്‍ ശ്രമത്തിന് ഇത് വിഘാതമാകുന്നു
അഡ്മിൻ
കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന പ്രശ്നം നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവര്‍ വേണ്ടത്ര ഗൗരവത്തോടെ അത് പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. മാധ്യമങ്ങളും അത് ഗൗരവത്തോടെ കാണുന്നില്ല. അതുകൊണ്ടാണ് ഇത് പ്രത്യേകം എടുത്ത് പറയുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കോവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തില്‍ മുമ്പുണ്ടായിരുന്ന ജീവിതത്തെ നാം അടിമുടി മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കരുതല്‍. എന്നാല്‍ അതെല്ലാം സമരമെന്ന പേരില്‍ അട്ടിമറിക്കുകയാണ് പ്രതിപക്ഷം. ലോകാരോഗ്യ സംഘടന പോലും പ്രധാനമായി പറയുന്നത് ആള്‍ക്കൂട്ടം ഒഴിവാക്കലാണ്. അത് മുഖവിലക്കെടുക്കാതെയാണ് ആള്‍ക്കൂട്ട സമരം സംഘടിപ്പിക്കുന്നത്.
വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസ്ഥയാണ് ഒരുക്കുന്നത്.ഇതിന്റെ ഫലമായി സമരം നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസും കോവിഡ് ബാധിതരാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരം തടയാന്‍ ശ്രമിച്ച 101 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു ഡിവൈഎസ്പി, ഒരു ഇന്‍സ്പെക്ടര്‍, 12 സബ് ഇന്‍സ്പെക്ടര്‍മാര്‍, 8 എഎസ്ഐ, 71 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
164 പേര് പ്രൈമറി കോണ്ടാക്ട് ആണ്. 171 പേരാണ് നിരീക്ഷണത്തിലുള്ളത്. സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നത് മൂലം നിരവധി പൊലീസുകാരാണ് ക്വാറന്റൈനില്‍ ആകുന്നത്. കോവിഡിനെതിരായ സര്‍ക്കാര്‍ ശ്രമത്തിന് ഇത് വിഘാതമാകുന്നു. സമരക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഉത്തരവാദിത്തത്തടെ പെരുമാറണം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള സേനയാണ് പൊലീസ്. അതിനുള്ള പ്രത്യുപകാരം അവര്‍ക്ക് രോഗം പടര്‍ത്തുകയാണോ എന്ന് ചിന്തിക്കണം. അവരും മനുഷ്യരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.