പാർലമെന്ററിചട്ടങ്ങൾ കാറ്റിൽപറത്തി കർഷകദ്രോഹ ബില്ലുകൾ പാസാക്കിയ കേന്ദ്രസർക്കാരാണ്‌ മാപ്പ്‌ പറയേണ്ടതെന്ന്‌ കെ കെ രാഗേഷ്‌ എംപി പറഞ്ഞു

രാജ്യത്തെ കർഷകരോട് കേന്ദ്രസർക്കാർ നീതികാട്ടണമെന്ന ആവശ്യവുമായി പാർലമെന്റിലെ ഗാന്ധിപ്രതിമയ്‌ക്കു മുന്നിൽ എട്ട്‌ എംപിമാരുടെ സമരം ഒരു പകലും രാത്രിയുമായി നീണ്ടു. തുറസ്സായ സ്ഥലത്ത്‌ പുൽത്തകിടിയിൽ ഒരു തുണിമാത്രം വിരിച്ചാണ്‌ എംപിമാർ ഇരുന്നത്‌.

ഉഷ്ണവും നിറഞ്ഞ കൊതുകുകളും പ്രതിഷേധത്തിന്‌ തടസ്സമായില്ല. സസ്‌പെൻഷനിലായവർക്ക്‌ ഐക്യദാർഢ്യവുമായി പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്‌കരിച്ച്‌ പുറത്തുവന്നതോടെയാണ്‌ അനിശ്ചിതകാല സമരം‌ അവസാനിപ്പിച്ചത്‌.
ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ രാത്രിയിലേക്ക്‌ നീണ്ട പ്രതിഷേധം ഇന്ത്യൻ പാർലമെന്റിന്‌ പുതിയൊരു സമരാനുഭവമായി. സമരക്കാരെ അഭിവാദ്യം ചെയ്യാൻ രാത്രി വൈകിയും മുതിർന്ന നേതാക്കൾ എത്തി. മുൻ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ ഗുലാംനബി ആസാദ്‌, ദിഗ്‌വിജയ്‌ സിങ്‌ തുടങ്ങിയവർ സമരസ്ഥലം സന്ദർശിച്ചു. എംപിമാർക്ക്‌ പിന്തുണ അറിയിച്ച്‌ എൻസിപി അധ്യക്ഷൻ ശരത്‌ പവാർ മുംബൈയിൽ ഒരു ദിവസം ഉപവസിച്ചു.

സമരംചെയ്യുന്ന എംപിമാർക്ക്‌ ഒരു സഹായവും ചെയ്യില്ലെന്ന നിലപാടാണ്‌ ലോക്‌സഭാ സെക്രട്ടറിയറ്റ്‌ സ്വീകരിച്ചത്‌. എംപിമാർക്ക്‌ കുടിവെള്ളം എത്തിക്കാൻപോലും അധികൃതർ കൂട്ടാക്കിയില്ല. ഇതോടെ ഡൽഹി ഭരിക്കുന്ന ആം ആദ്‌മി പാർടി സമരക്കാർക്ക്‌ ആവശ്യമായ വിരികളും ടേബിൾ ഫാനും എത്തിച്ചു. രാത്രി ഭക്ഷണം ഡിഎംകെ എംപി തിരുച്ചി ശിവ സ്വന്തം വസതിയിൽനിന്ന്‌ എത്തിച്ചു. ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും എഎപിയുടെ സഞ്‌ജയ്‌ സിങ്‌ ഒരുക്കി. രാത്രിയിലും പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും എംപിമാർ സമരാവേശം നിലനിർത്തി.

ഒരാൾപോലും മാപ്പ്‌ പറയില്ല

മാപ്പ്‌ പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിർദേശം തള്ളി എംപിമാർ. ചട്ടവിരുദ്ധമായി ബില്ലുകൾ പാസാക്കിയതിനെതിരെയാണ്‌ പ്രതിഷേധിച്ചതെന്നും മാപ്പ്‌ പറയുന്ന പ്രശ്‌നമില്ലെന്നും സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം പറഞ്ഞു. ആരെങ്കിലും ഒരാൾ മാപ്പ്‌ പറഞ്ഞാൽ മതിയെന്ന വാഗ്‌ദാനംപോലും വന്നിട്ടുണ്ട്‌. ഈ വിഷയത്തിൽ എട്ടുപേരിൽ ഒരാൾപോലും മാപ്പ്‌ പറയാൻ തയ്യാറല്ല. കർഷകർക്കുവേണ്ടിയാണ്‌ പ്രതിഷേധിച്ചത്‌. അത്തരം പ്രതിഷേധങ്ങൾ ഇനിയും തുടരും–- കരീം പറഞ്ഞു.

പാർലമെന്ററിചട്ടങ്ങൾ കാറ്റിൽപറത്തി കർഷകദ്രോഹ ബില്ലുകൾ പാസാക്കിയ കേന്ദ്രസർക്കാരാണ്‌ മാപ്പ്‌ പറയേണ്ടതെന്ന്‌ കെ കെ രാഗേഷ്‌ എംപി പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെ ജനാധിപത്യവിരുദ്ധമായി നിയമങ്ങൾ പാസാക്കാൻ ശ്രമിച്ചാൽ ഇനിയും പ്രതിഷേധിക്കും. ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരായി പ്രതിഷേധിച്ചതിന്റെ പേരിൽ എന്തൊക്കെ നടപടി നേരിടേണ്ടിവന്നാലും അതെല്ലാം അഭിമാനത്തോടെ ഏറ്റുവാങ്ങും–- രാഗേഷ്‌ പറഞ്ഞു.

 

23-Sep-2020