ലൈഫ് സയന്‍സ് പാര്‍ക്കിലെ 9 ഏക്കര്‍ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് പാര്‍ക്ക് ഉയരുക
അഡ്മിൻ
കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്ക്കിന് സെപ്തംബര്‍ 24ന് മുഖ്യമന്ത്രി തറക്കല്ലിടും. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ എസ് ഐ ഡി സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് ഒരുങ്ങുന്നത്.
ഗവേഷണം, നവീന ഉപകരണങ്ങളുടെ നിര്‍മ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകള്‍, വിജ്ഞാന വിനിമയം തുടങ്ങി മെഡിക്കല്‍ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുക എന്നതാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിലൂടെ ലക്ഷ്യം വെക്കുന്നത്.
ലൈഫ് സയന്‍സ് പാര്‍ക്കിലെ 9 ഏക്കര്‍ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് പാര്‍ക്ക് ഉയരുക.
150 കോടി സംസ്ഥാന വിഹിതവും ബാക്കി വരുന്ന 80 കോടി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളില്‍ നിന്നും ലഭ്യമാക്കും. 2.6 ലക്ഷം ചതുരശ്ര അടിയിലുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് ഇവിടെ സജ്ജമാക്കുക. ഒന്നാം ഘട്ട നിര്‍മ്മാണത്തിന്റെ 62 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ (എസ് സി ടി ഐ എം എസ് ടി) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആഗോള സ്വീകാര്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ ഡിവൈസ് ടെസ്റ്റിംഗ് ആന്‍ഡ് ഇവാല്യുവേഷന് സെന്റര്‍, ഗവേഷണത്തിനും ഉപകരണ വികസനത്തിനും റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് റിസോഴ്സ് സെന്റര്‍, തുടര്‍പരിശീലനം, നിയമസഹായം, ക്ലിനിക്കല്‍ ട്രയല്‍ എന്നിവയുമായി ബന്ധപ്പെട്ട് നോളജ് സെന്റര്‍, സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍, കമ്പനികള്‍ക്ക് പാട്ടത്തിന് നല്കുന്ന നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നിലവില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് എന്വയോണ്മെന്റിന്റെ കീഴില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നുകളുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട പരീക്ഷണം നടത്താന്‍ 80,000 ചതുരശ്ര അടിയില്‍ ബയോടെക്ക് ലാബിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 2021ല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും.
ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഡയഗ്നോസ്റ്റിക്സ് എന്നിവ ഉള്‍പ്പെടുന്ന ലൈഫ് സയന്‍സസ് മേഖലയിലെ വ്യവസായങ്ങളുടെയും ഗവേഷണ-വികസന സ്ഥാപനങ്ങളുടെയും ഹബ്ബായി മാറ്റുകയാണ് സര്‍ക്കാര്‍.വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന് അധ്യക്ഷനാകും. ഡപ്യൂട്ടി സ്പീക്കര്‍ വി ശശി സ്വാഗതം പറയും.
23-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ