സംസ്ഥാന ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാണ് പാലം നിര്‍മ്മാണത്തിലെ അഴിമതി

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ചു പണിയുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാം എന്ന് ഇ ശ്രീധരന്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കും. എട്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാകും എന്നാണ് അദ്ദേഹം പറയുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിള്ളല്‍ കണ്ടത് മൂലമാണ് സര്‍ക്കാര്‍ വിദഗ്ദ്ധ പരിശോധന പാലത്തില്‍ നടത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി.
തുടര്‍ന്ന് ഇ ശ്രീധരനേയും മദ്രാസ് ഐഐടിയേയും പരിശോധന ചുമതല ഏല്‍പ്പിച്ചു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

കേവല പുനരുദ്ധാരണം കൊണ്ട് പാലത്തെ ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും സ്ഥായിയായ പരിഹാരം എന്ന നിലയില്‍ പാലം പൊളിച്ചു പണിയുന്നതാണ് നല്ലതെന്നുമായിരുന്നു ശ്രീധരന്റെ നിര്‍ദേശം. ഈ രംഗത്തെ വിദഗദ്ധനായ അദ്ദേഹത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഭാരപരിശോധന എന്ന നിര്‍ദേശം ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. നഷ്ടപ്പെട്ട മാസങ്ങള്‍, അല്ലെങ്കില്‍ ഒരു വര്‍ഷത്തോളം  നമുക്ക് നഷ്ടപ്പെട്ടു.

എന്നാല്‍ ഇനിയങ്ങോട്ട് സമയബന്ധിതമായി പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കും. സംസ്ഥാന ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാണ് പാലം നിര്‍മ്മാണത്തിലെ അഴിമതി. ഇതേക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. നഗ്‌നമായ അഴിമതിയാണ് പാലം നിര്‍മ്മാണത്തില്‍ നടന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. യുഡിഎഫ് കാലത്തെ പല അഴിമതികളില്‍ ഒന്നു മാത്രമാണിത്. ഈ അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്കു പറയിക്കുക എന്നത് നാടിന്റെ ഉത്തരവാദിത്തമായി കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

23-Sep-2020