തൊഴിൽ അസ്ഥിരമായി
അഡ്മിൻ
തൊഴിലാളിദ്രോഹ വ്യവസ്ഥകൾ അടങ്ങിയ മൂന്ന് തൊഴിൽചട്ട ബിൽ കാര്യമായ ചർച്ചയില്ലാതെ രാജ്യസഭ പാസാക്കി. സാമൂഹ്യസുരക്ഷ, വ്യവസായബന്ധം, തൊഴിൽസുരക്ഷ–- ആരോഗ്യം– -തൊഴിൽസാഹചര്യം ബില്ലുകളാണ് സഭ കടന്നത്. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമമാകും.
പ്രതിപക്ഷം ഇരുസഭയും ബഹിഷ്‌കരിച്ച സാഹചര്യം നോക്കി ബില്ലുകള്‍ തിരക്കിട്ട് രാജ്യസഭയില്‍ എത്തിച്ച് ഒന്നിച്ച് പാസാക്കിയെടുക്കുകയായിരുന്നു. പ്രതിപക്ഷ അഭാവത്തില്‍ ബില്ലുകള്‍ ചര്‍ച്ച ചെയ്യരുതെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചു. ഏകപക്ഷീയമായി ബില്‍ പാസാക്കുന്നത് ജനാധിപത്യചരിത്രത്തിലെ തീരാക്കളങ്കമായിരിക്കുമെന്ന് പ്രതിപക്ഷം രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി വെങ്കയ്യാനായിഡുവിന് നല്‍കിയ കത്തില്‍ ഓര്‍മിപ്പിച്ചു. ഈ മാസം 19നാണ് മൂന്ന് തൊഴിൽചട്ട ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.
മിണ്ടാതെ പണിയെടുക്കണം, ഇഷ്ടാനുസരണം പിരിച്ചുവിടാം
മുന്നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ഉടമകൾക്ക് സർക്കാർ അനുമതി ഇല്ലാതെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും കഴിയും.
100 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കുമാത്രമുള്ള കിഴിവ് ഒറ്റയടിക്ക് 300 തൊഴിലാളികൾവരെയുള്ള സ്ഥാപനങ്ങൾക്ക് ബാധകമാക്കി. രാജ്യത്തെ ഫാക്ടറികളില്‍ 90 ശതമാനത്തിലെയും തൊഴിലാളികളുടെ ഭാവി നിയമപരമായ പരിരക്ഷയ്‌ക്ക് പുറത്താകും.
പ്രതിഷേധങ്ങൾക്കും നിയന്ത്രണം
പതിനാല് ദിവസത്തെ നോട്ടീസ് നൽകാതെ പണിമുടക്ക് നടത്താനാകില്ല. അനുരഞ്‌ജനചർച്ച നടക്കുമ്പോഴും തർക്കം ട്രിബ്യൂണൽ തീർപ്പാക്കുംവരെയും പണിമുടക്കരുത്.പുതിയചട്ട പ്രകാരം വർഷത്തിൽ നൂറ്റമ്പതിലേറെ ദിവസം നിയമപരമായി പണിമുടക്കുന്നതിന് തടസ്സമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രേഡ്‌യൂണിയന്‍ പ്രവർത്തനത്തിനും കൂച്ചുവിലങ്ങിടുന്നു.
തൊഴിൽ അസ്ഥിരമായി
കരാർ തൊഴിലുകളും നിശ്ചിതകാലാവധി തൊഴിലുകളും വർധിപ്പിച്ച് ക്രമേണ സ്ഥിരംതൊഴില്‍ ഇല്ലാതാക്കാനാണ് ശ്രമം. ഏറ്റവും കുറഞ്ഞ ചെലവിൽ അധ്വാനം വിലയ്‌ക്കെടുക്കാൻ അവസരമുണ്ടാക്കുന്നു.
അംഗീകരിക്കില്ലെന്ന്‌ബിഎംഎസ്
മോഡിസര്‍ക്കാരിന്റെ തൊഴിൽകോഡുകളെ എതിർത്ത് ബിഎംഎസ്. ട്രേഡ് യൂണിയനുകൾ ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ചാണ് തൊഴിൽ കോഡുകൾ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി വ്രജേഷ് ഉപാധ്യായ.
300 തൊഴിലാളികളിൽ കുറവുള്ള സ്ഥാപനങ്ങളെവരെ വ്യവസായതർക്ക നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. പാർലമെന്റിന്റെ അവകാശം ഏകപക്ഷീയമായി സർക്കാരിന് നൽകാനുള്ള വ്യവസ്ഥയും കോഡുകളിലുണ്ട്. ഒക്ടോബർ രണ്ടുമുതൽ നാലുവരെ നടക്കുന്ന ദേശീയ സമ്മേളനം ഭാവിപരിപാടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
24-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ