വിമാനങ്ങൾ നിശ്ചിതസമയത്ത് കൈമാറുന്നതിലും വീഴ്‌ച വരുത്തി
അഡ്മിൻ
റഫേൽ യുദ്ധവിമാനം വാങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യക്ക് യുദ്ധവിമാനനിർമാണ സാങ്കേതികവിദ്യ ലഭിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറല്‍ (സിഎജി) റിപ്പോർട്ട്. ഇന്ത്യ 2005ൽ അംഗീകരിച്ച പ്രതിരോധസംഭരണനയത്തിലെ വ്യവസ്ഥ റഫേൽ കരാറിൽ പാലിച്ചില്ല. കരാറിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനി ദസോൾട്ട് ഇന്ത്യയിൽ നടത്തിയ നിക്ഷേപത്തിന്റെ പ്രയോജനം കിട്ടിയത് അനിൽ അംബാനിയുടെ കമ്പനിക്കാണെന്നും പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടില്‍ സിഎജി വെളിപ്പെടുത്തി.
പ്രതിരോധസംഭരണ വ്യവസ്ഥപ്രകാരം 300 കോടിയിൽ കൂടുതലുള്ള ആയുധഇറക്കുമതികളിൽ വിദേശപങ്കാളി ഇന്ത്യയിൽ കരാർതുകയുടെ 30 ശതമാനം നിക്ഷേപമിറക്കണം. റഫേൽ കരാറിൽ ഇത് 50 ശതമാനമാക്കി. 66,427 കോടിക്ക് 36 വിമാനം വാങ്ങാനാണ് കരാര്‍. ഇതനുസരിച്ച് 30,000 കോടിയിൽപ്പരം ദസോൾട്ട് ഇന്ത്യയിൽ നിക്ഷേപിക്കണം. ഇതിന്റെ 30 ശതമാനം ഡിആർഡിഒയിലും 20 ശതമാനം അനിൽ അംബാനിയുടെ കമ്പനിയുമായി ചേർന്നുള്ള സംയുക്തസംരംഭത്തിലും നിക്ഷേപിക്കാൻ കരാറായി. ഇന്ത്യൻ സ്ഥാപനങ്ങൾക്ക് സാങ്കേതികവിദ്യ കൈമാറ്റം, ഇവിടെനിന്ന് ഉപകരണങ്ങൾ വാങ്ങൽ, നേരിട്ടുള്ള വിദേശനിക്ഷേപം എന്നീ നിലകളിൽ നിക്ഷേപം നടത്താം. റഫേൽ കരാറിലെ 90 ശതമാനം നിക്ഷേപവും ഈ വ്യവസ്ഥയിൽ ഉപകരണങ്ങളും സേവനങ്ങളും വാങ്ങുന്നതിൽ ഒതുങ്ങി. ലഘു പോർവിമാനങ്ങളുടെ നിർമാണത്തിന് സാങ്കേതികവിദ്യ സഹായം ഡിആർഡിഒ തേടിയെങ്കിലും ദസോൾട്ട് ഉറപ്പ് നൽകിയിട്ടില്ല. പ്രയോജനം കിട്ടിയത് അനിൽ അംബാനിയുടെ കമ്പനിക്കാണ്–സിഎജി വ്യക്തമാക്കി.
വിമാനങ്ങൾ നിശ്ചിതസമയത്ത് കൈമാറുന്നതിലും വീഴ്‌ച വരുത്തി. കരാർ പാലിക്കുന്നതിലെ വീഴ്‌ചകൾക്ക് പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്‌തില്ലെന്നും സിഎജി പറഞ്ഞു.