എസ് പി ബീ.., മൗനമാ...
അഡ്മിൻ
ചലച്ചിത്ര സംഗീതത്തിലൂടെ ആസ്വാദക ഹൃദയം കവർന്ന മഹാപ്രതിഭ വിടവാങ്ങി. എസ് പി ബി എന്നാൽ സംഗീതത്തിന്റെ മൂന്നക്ഷത്തിലുള്ള അനുഭൂതിയായിരുന്നു. പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ നൊമ്പരവും താരാട്ടിന്റെ ആര്‍ദ്രതയുമെല്ലാം ആലാപനത്തില്‍ ആവാഹിച്ച് ശ്രോതാക്കളെ കീഴ്‌പെടുത്തിയ അപാരപ്രതിഭ. കോവിഡ് കാലം നൽകിയ നിരവധി വേദനകളിൽ എസ്.പി ബാലസുബ്രഹ്മണ്യം എന്ന അതുല്യപ്രതിഭയും കൂടി ചേരുന്നു. ഇനി മധുര നൊമ്പര ഗാനങ്ങളുമായി കണ്ണീർ ഉറവയാവാൻ എസ് പി ബി വരില്ല.
ആസ്വാദക മനസുകളിൽ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ബാക്കിയാക്കിയാണ് എസ്‌പിബി വിടവാങ്ങിയത്. കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയറിൽ ചികിൽസയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യശ്വാസം വലിച്ചത്. 74 വയസായിരുന്നു. ആഗസ്‌ത് അഞ്ചിനാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് ഗായകൻ തന്നെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് 14നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
ഗായകന്‍, സംഗീതസംവിധായകന്‍, നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച എസ്.പി ബാലസുബ്രഹ്മണ്യം 1946 ജൂണ്‍ 4ന് ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ്.പി സമ്പാമൂര്‍ത്തിക്ക് മകന്‍ എഞ്ചിനിയര്‍ ആയി കാണാനായിരുന്നു ആഗ്രഹം. അച്ഛനില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ബാലസുബ്രമണ്യം പഠിച്ചത്. ഹാര്‍മോണിയത്തിലും ഓടക്കുഴലിലുമായിരുന്നു തുടക്കം. 1966-ല്‍ തന്റെ ഗുരു കോദണ്ഡപാണി സംഗീതം നല്‍കിയ തെലുങ്ക് ചിത്രം 'ശ്രീ ശ്രീ മരയത രാമണ്ണ' യില്‍ പാടിക്കൊണ്ടാണ് എസ്.പി ബാലസുബ്രഹ്മണ്യം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
തെലുങ്കിലെ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മദ്രാസില്‍ എഞ്ചിനിയറിങ് പഠിക്കാനെത്തിയ എസ്പിബിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവ് സംഗീതസംവിധായകന്‍ എം.എസ് വിശ്വനാഥനുമായുള്ള പരിചയമാണ്. അവസരം തേടി വിശ്വനാഥന്റെ അടുത്തെത്തിയ ബാലസുബ്രമണ്യത്തോട് തമിഴ് ഉച്ചാരണശുദ്ധി വരുത്തി വരാന്‍ സംഗീതസംവിധായകന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഹോട്ടല്‍ രംഭ എന്ന ചിത്രത്തില്‍ എം.എസ് വിശ്വനാഥന്‍ എസ്.പി ബാലസുബ്രഹ്മണ്യം അവസരം നല്‍കി. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് ശാന്തിനിലയം എന്ന ചിത്രത്തില്‍ പി. സുശീലയൊടൊപ്പമുള്ള 'ഇയര്‍കൈ എന്നും ഇളയകനി' എന്ന ഗാനം പാടിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ, ആ ഗാനം ബാലസുബ്രമണ്യത്തിന്റെ ജീവിതത്തില്‍ കൊണ്ടുവന്ന ഭാഗ്യമായിരുന്നു എംജിആറിന് വേണ്ടിയുള്ള പാട്ട്. 'ഇയര്‍കൈ എന്നും ഇളയകനി' എന്ന ഗാനം കേട്ട എംജിആര്‍ തന്റെ അടുത്ത ചിത്രത്തില്‍ ആ യുവഗായകനെ കൊണ്ട് പാട്ടു പാടിക്കാന്‍ തീരുമാനിച്ചു. അടിമപ്പെണ്‍ എന്ന ചിത്രത്തില്‍ കെ.വി മഹാദേവന്റെ സംഗീതത്തില്‍ എംജിആറിന് വേണ്ടി പാടിയ 'ആയിരം നലവേ വാ' എന്ന ഗാനമാണ് ബാലസുബ്രമണ്യത്തെ തമിഴകത്തെ പ്രിയ ഗായകനാക്കി മാറ്റിയത്.
പിന്നീടങ്ങോട്ട് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ കാലഘട്ടമായിരുന്നു. വിവിധ ഭാഷകളില്‍ നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹം പാടി. അതിനിടെ സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനാണ്. ഒരു ദിവസം 17 പാട്ടുകള്‍ വരെ പാടി റിക്കാര്‍ഡു ചെയ്ത് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.
സംഗീതം ശാസ്ത്രീയമായി പഠിക്കാതെയാണ് എസ്.പി.ബി ഈ രംഗത്ത് വെന്നിക്കൊടി പാറിച്ചത്. 'ശങ്കരാഭരണ'ത്തിലെ ഗാനങ്ങളിലൂടെ തെലുങ്കിലും തമിഴിലും പ്രേക്ഷകരെ ഇളക്കിമറിച്ച എസ്.പി.ബി ഈ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും നേടി. കെ. ബാലചന്ദ്രന്‍ സംവിധാനംചെയ്ത 'ഏക് ദുജേ കേലിയേ' എന്ന ചിത്രത്തിലൂടെയാണ് എസ്.പി.ബി ഹിന്ദിയിലെത്തിയത്. ഈ ഹിന്ദി ചിത്രത്തിലെ പാട്ടുകളിലൂടെ 1981ല്‍ വീണ്ടും ദേശീയ അവാര്‍ഡു നേടി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലെ ഗാനങ്ങളിലൂടെ ആറ് ദേശീയ പുരസ്‌കാരങ്ങള്‍ എസ്.പി.ബിയെ തേടി എത്തിയിട്ടുണ്ട്. കര്‍ണ്ണാടക സര്‍ക്കാറിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരം മൂന്ന് പ്രാവശ്യവും തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം നാല് പ്രാവശ്യവും എസ്പിബിയെ തേടി എത്തി. 2001-ല്‍ രാജ്യം പത്മശ്രീയും, 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചു.
അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ പതിനാറ് ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടിയ എസ്‌പിബി നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡാണ് അതിൽ പ്രധാനം.
ഭാര്യ: സാവിത്രി. മക്കൾ: പല്ലവി, എസ് പി ബി ചരൺ(ഗായകൻ). ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്.
25-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ