രാജ്‌ഭവനുമുന്നിൽ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള സമരം ഉദ്‌ഘാടനംചെയ്‌തു

അന്നദാതാക്കളെ അടിമകളാക്കുന്ന കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്ത്  പ്രതിഷേധം ജ്വലിച്ചു. കശ്‌മീർമുതൽ കന്യാകുമാരിവരെ കർഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി അണിനിരന്നു. ജനദ്രോഹനിയമം പിൻവലിച്ചില്ലെങ്കില്‍ വരുംനാളുകൾ  തീവ്ര  പ്രക്ഷോഭത്തിന്റേതായി മാറുമെന്ന മുന്നറിയിപ്പായി കർഷകസംഘടനകൾ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പ്രതിഷേധദിനം. പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും പൂർണ ബന്ദായി.

രാജസ്ഥാൻ, മധ്യപ്രദേശ്‌, ജാർഖണ്ഡ്‌, ഛത്തീസ്‌ഗഢ്‌, ഹിമാചൽപ്രദേശ്‌, ബിഹാർ, കർണാടക, ഗുജറാത്ത്‌, ഒഡിഷ, പശ്‌ചിമബംഗാൾ,  ത്രിപുര, തമിഴ്‌‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, അസം‌ ‌ എന്നിവിടങ്ങളില്‍ ഗ്രാമീണമേഖല നിശ്‌ചലമായി. മറ്റ്സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. റോഡ്‌ ഉപരോധം, ട്രെയിൻ തടയൽ, ഗ്രാമീണബന്ദ്‌, റാലികൾ, ബില്ലുകളുടെ കോപ്പി കത്തിക്കൽ തുടങ്ങിവിവിധ പ്രതിഷേധ രൂപങ്ങൾ രാജ്യമെമ്പാടും അലയടിച്ചു.

അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്‌ത പ്രതിഷേധദിനാചരണത്തിന്‌ 10 കേന്ദ്രട്രേഡ്‌ യൂണിയനുകളും പിന്തുണ നൽകി. ഇടതുപാർടികളുൾപ്പെടെ രാഷ്ട്രീയപ്രസ്ഥാനങ്ങളും  ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡൽഹി ജന്തർ മന്ദറിൽ കർഷകപ്രസ്ഥാനങ്ങളുടെയും ട്രേഡ്‌ യൂണിയനുകളുടെയും വിദ്യാർഥി–-മഹിള സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഹനൻ മൊള്ള, തപൻ സെൻ, കെ ഹേമലത, മറിയം ധാവ്ളെ, വിജു കൃഷ്‌ണൻ, എ ആർ സിന്ധു, മയൂഖ് ബിശ്വാസ്,  എംപിമാരായ കെ കെ രാഗേഷ്‌, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, ബിനോയ് വിശ്വം തുടങ്ങിയവർ സംസാരിച്ചു.

ഗാസിയാബാദിനു സമീപം മോഡിനഗറിൽ ഡൽഹി–-മീററ്റ്‌ ദേശീയപാതയും ഡൽഹി–-നോയിഡ എക്‌സ്‌പ്രസ്‌വേ, ലഖ്‌നൗ–-അയോധ്യ ദേശീയപാതകളും ഉപരോധിച്ചു. ഡൽഹി–-അമൃത്‌സർ ദേശീയപാതയിൽ ഉടനീളം കർഷകർ അണിനിരന്നു. പഞ്ചാബിൽ ട്രെയിൻതടയൽ രണ്ടാം ദിവസവും തുടർന്നു. പഞ്ചാബിൽ ബിജെപി ഒഴികെയുള്ള പാർടികൾ പ്രക്ഷോഭത്തിന്‌ പൂർണപിന്തുണ നൽകുന്നു. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച ഹർസിമ്രത്‌ കൗർ ബാദൽ  മുക്‌സ്‌തറിലെ ലാംബിയിൽ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി. പട്‌നയിൽ ആർജെഡി അധ്യക്ഷൻ‌ തേജസ്വിയാദവിന്റെ നേതൃത്വത്തിൽ കർഷകർ ട്രാക്ടർ റാലി നടത്തി. കർണാടകത്തിലും തമിഴ്‌നാട്ടിലും വ്യാപകമായി വഴി തടഞ്ഞു.

സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ 250ൽപ്പരം കേന്ദ്രങ്ങളിൽ സത്യഗ്രഹം സംഘടിപ്പിച്ചു. രാജ്‌ഭവനുമുന്നിൽ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള സമരം ഉദ്‌ഘാടനംചെയ്‌തു. സംയുക്ത കർഷകസമിതി സംസ്ഥാന ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി. സമരസമിതി നേതാക്കളായ കെ എൻ ബാലഗോപാൽ, സി കെ നാണു, ഉഴമലയ്‌ക്കൽ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

26-Sep-2020