മൊഹാലിയിൽ ബില്ലുകൾക്കൊപ്പം പ്രധാനമന്ത്രി, കേന്ദ്രകൃഷി മന്ത്രി എന്നിവരുടെ കോലം കത്തിച്ചു

കർഷക ​ദ്രോഹബില്ലുകളിൽ പ്രതിഷേധിച്ചുള്ള ട്രെയിൻതടയൽ സമരം പഞ്ചാബിലെ കർഷകർ ചൊവ്വാഴ്‌ച വരെ നീട്ടി. പ്രക്ഷോ  ഭത്തെത്തുടർന്ന്‌‌ പഞ്ചാബിലേ‌ക്കുള്ള 28 ട്രെയിൻ റദ്ദാക്കി. ജലന്ധറിൽ ട്രെയിൻ ഉപരോധത്തിൽ സ്‌ത്രീകളും പങ്കാളിയായി. മൊഹാലിയിൽ ബില്ലുകൾക്കൊപ്പം പ്രധാനമന്ത്രി, കേന്ദ്രകൃഷി മന്ത്രി എന്നിവരുടെ കോലം കത്തിച്ചു. ഫസീൽക്കയിൽ നൂറൂകണക്കിന്‌ ട്രാക്ടറുകളുമായി കർഷകർ റാലി നടത്തി. ബില്ലുകളെ സുപ്രീംകോടതിയിൽ ചോദ്യംചെയ്യുമെന്ന്‌ പഞ്ചാബ്‌ ധനമന്ത്രി മൻപ്രീത്‌ സിങ്‌ ബാദൽ പറഞ്ഞു.

കർഷകർ പ്രക്ഷോഭത്തിനിറങ്ങിയത് പ്രതിപക്ഷത്തിന്റെ കുപ്രചാരണം മൂലമെന്ന കേന്ദ്രസർക്കാർ വാദം കർഷകസംഘടനകൾ തള്ളി. ബില്ലുകളുടെ കോപ്പി വായിച്ചുവെന്നും കോർപറേറ്റുകൾക്കുവേണ്ടിയാണ്‌ പ്രധാനമന്ത്രി നിലകൊള്ളുന്നതെന്നും കിസാൻ മസ്‌ദൂർ സംഘർഷ്‌ സമിതി പഞ്ചാബ്‌ ഘടകം സെക്രട്ടറി സ്വരൺ സിങ്‌ പന്ദേർ പറഞ്ഞു.

ബിഹാറിൽ സമരത്തിനു നേതൃത്വം നൽകിയ ആർജെഡി നേതാക്കളായ തേജസ്വി യാദവ്‌, തേജ്‌ പ്രതാപ്‌ യാദവ്‌, ജൻഅധികാർ പാർടി നേതാവ്‌ രാജേഷ്‌ രഞ്‌ജൻ എന്നിവരുടെ പേരിൽ പൊലീസ്‌ കേസെടുത്തു.
ഹരിയാനയിലും പശ്‌ചിമ ഉത്തർപ്രദേശിലും റോഡ്‌ ഉപരോധസമരം തുടരുന്നു. ഭാവി പ്രക്ഷോഭപരിപാടികൾ തീരുമാനിക്കാൻ അഖിലേന്ത്യ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ഞായറാഴ്‌ച യോഗം ചേരും.

27-Sep-2020