പട്ടികയിൽ പേര് ചേർക്കാൻ രാഷ്ട്രീയപാർടികൾ നടത്തിയ പരിശ്രമവും എണ്ണം വർധിക്കാനിടയാക്കി
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ 2.70 കോടിയിലിധം പേരുണ്ടാകും. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിഗമനം. കരട് വോട്ടർപട്ടികയിൽ 2,62,24,501 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.
‘കോവിഡാണ്’ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്‌തമായി സമ്മതിദായരുടെ എണ്ണം ഉയരാൻ ഇടയാക്കിയ മുഖ്യഘടകം. കോവിഡ്, ലോക്‌ഡൗൺ തുടങ്ങിയ വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങൾ, ഇതരസംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുള്ള വളരെയധികം മലയാളികൾ നാട്ടിൽ എത്തിയിട്ടുണ്ട്. നാട്ടിലുള്ള സാഹചര്യത്തിൽ വോട്ട് ചെയ്യാനാകുമെന്ന ഉറച്ചവിശ്വാസത്തിൽ ഇവരിൽ ഭൂരിഭാഗവും വോട്ടർപട്ടികയിൽ പേര് ചേർക്കാനും തയ്യാറായി. ഇതാണ് വോട്ടർമാരുടെ എണ്ണം കുതിച്ചുയരാനുള്ള പ്രധാന കാരണം.
പട്ടികയിൽ പേര് ചേർക്കാൻ രാഷ്ട്രീയപാർടികൾ നടത്തിയ പരിശ്രമവും എണ്ണം വർധിക്കാനിടയാക്കി. യോഗ്യരായ എല്ലാവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ച നടപടികളും ഫലം കണ്ടു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിന് കമീഷൻ പ്രസിദ്ധീകരിക്കും. പട്ടികയിൽ പേര് ചേർക്കാൻ വിട്ടുപോയവർക്ക് ഒരവസരംകൂടി തെരഞ്ഞെടുപ്പിനുമുമ്പായി നൽകും. പട്ടികയിലുള്ള ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനും അവസരമുണ്ടാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ്. കരട് പ്രോട്ടോകോളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള നടപടി ആരംഭിച്ചു. നാമനിർദേശ സമർപ്പണവേളയിൽ സ്ഥാനാർഥിക്ക് ഒപ്പം രണ്ടു പേരെക്കൂടി അനുവദിക്കാനടക്കമുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി അന്തിമ പ്രോട്ടോകോൾ പുറത്തിറക്കും.