ആധുനികസൗകര്യങ്ങളോടെ ഫ്ളാറ്റ് നിർമാണം വിജയകരമായി പൂർത്തീകരിക്കും എന്ന് ഉറപ്പായതോടെയാണ്, അനിൽ അക്കര ഗൂഢനീക്കവുമായി രംഗത്തുവരുന്നത്

യുഡിഎഫ്‌ വ്യാജ പ്രചാരണങ്ങൾക്കൊടുവിൽ, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവർക്ക് സർക്കാർ ഒരുക്കി നൽകുന്ന വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം നിർത്തിവച്ചു. സ്ഥലം എംഎൽഎ അനിൽ അക്കര തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചാരണങ്ങൾക്കൊടുവിലാണ് കരാർ ഏജൻസിയായ യൂണിടാക് കമ്പനി നിർമാണം നിർത്തിവച്ചതായുള്ള സന്ദേശം ഇ–-മെയിലിലൂടെ ലൈഫ് മിഷൻ അധികാരികളെ അറിയിച്ചത്.
 
ചോർന്നൊലിക്കുന്ന കൂരകളിലും ഷെഡുകളിലും കഴിയുന്ന പാവപ്പെട്ടവർക്കായാണ് സർക്കാർ ലൈഫ് മിഷൻ പദ്ധതിവഴി വടക്കാഞ്ചേരി ചരൽപറമ്പിൽ ഫ്ളാറ്റ് നിർമിക്കാൻ നടപടിയായത്. യുഎഇ കോൺസുലേറ്റ്‌ സഹായത്തോടെ, യൂണിടാക് കമ്പനി കരാർ ഏറ്റെടുത്ത് നിർമാണം നല്ലനിലയിൽ പുരോഗമിക്കുകയും ചെയ്തു.
 
ആധുനികസൗകര്യങ്ങളോടെ ഫ്ളാറ്റ് നിർമാണം വിജയകരമായി പൂർത്തീകരിക്കും എന്ന് ഉറപ്പായതോടെയാണ്, അനിൽ അക്കര ഗൂഢനീക്കവുമായി രംഗത്തുവരുന്നത്. സ്വർണക്കടത്തുമായി കൂട്ടിക്കെട്ടിയായിരുന്നു ആദ്യം ആരോപണം. പിന്നീട് ഫ്ളാറ്റ് ഇടപാടിൽ അഴിമതിയുണ്ടെന്ന ആരോപണം ഉയർത്തി. എന്നാൽ, അഴിമതി അന്വേഷണ ആവശ്യത്തിൽനിന്ന് മാറി, സർക്കാരിനെയും മന്ത്രി എ സി മൊയ്തീനെയും സിപിഐ എം നേതാക്കളെയും ആക്ഷേപിക്കലായി പണി.
 
നിർമാണത്തിൽ സർക്കാരിന് നേരിട്ട് ഒരു ഇടപാടുമില്ലെന്നറിഞ്ഞിട്ടും, ചില ചാനലുകാരെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം തുടർന്നു. മന്ത്രി എ സി മൊയ്തീൻ രണ്ടു കോടി വാങ്ങിയെന്നും ചാനലിലൂടെ തട്ടിവിട്ടു. ഇതിനെതിരെ മന്ത്രി നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
 
സ്വന്തം പാർടിയുടെപോലും പിന്തുണയില്ലാതെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം, ഒന്നൊന്നായി പൊളിഞ്ഞതോടെ, ഏതു വിധേനയും പദ്ധതിയെ തകർക്കുക എന്നതായി അനിൽ അക്കരയുടെ ലക്ഷ്യം. ഇതിനായി നിരവധി രേഖകൾ കൈവശമുണ്ടെന്ന് പറഞ്ഞുനടന്നെങ്കിലും, ഒന്നും  പുറത്തുവന്നില്ല.
 
നുണപ്രചാരണങ്ങളുമായുള്ള എംഎൽഎയുടെ നടപടികളെത്തുടർന്ന് ഫ്ളാറ്റ് നിർമാണം നിലച്ചതോടെ, തെരുവാധാരമാവുന്നത് 140 കുടുംബങ്ങളാണ്. ഒപ്പം ആധുനികസൗകര്യത്തോടെ, നാട്ടുകാർക്കെല്ലാം സഹായകമാകേണ്ട ആശുപത്രിയും 
ഇല്ലാതായി. ജനങ്ങളെ സഹായിക്കേണ്ട ജനപ്രതിനിധിതന്നെ കള്ളപ്രചാരണങ്ങളിലൂടെ ജനവിരുദ്ധനടപടി തുടരുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ഫ്ളാറ്റ് നിർമാണം ഇല്ലാതാക്കി എന്നു മാത്രമല്ല, വടക്കാഞ്ചേരിയെ അവഹേളിക്കുകയും, സർക്കാരിന്റെ ജനപക്ഷവികസന പ്രവർത്തങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്‌തു. 
 
ജനങ്ങളെ കബളിപ്പിക്കാൻ സ്വന്തംപേരിൽ മണ്ഡലത്തിൽ കൊണ്ടുവന്ന പദ്ധതികളെല്ലാം പൊളിയുകയും ചെയ്തു. ഈ ജനവിരുദ്ധതക്കെതിരെ രാഷ്ട്രീയഭേദമെന്യേ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കയാണ്.
 

29-Sep-2020