നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടക്കുന്നുണ്ട്

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നിരന്തരമായ വേട്ടയാടൽ മൂലമാണ് തീരുമാനം. രണ്ടു വർഷമായി അടിച്ചമർത്തൽ നേരിടുകയാണ്. സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് ജീവനക്കാരെ തിരിച്ചയക്കേണ്ടി വന്നു. കേന്ദ്രസർക്കാരിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്നും ആംനസ്റ്റി ഇന്ത്യ ഘടകം എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.  

കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിലും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടന്ന അവകാശ ലംഘനങ്ങളെപ്പറ്റിയും ആംനസ്റ്റി ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേന്ദ്രസർക്കാരിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഇതിനുശേഷം കേന്ദ്രം സംഘടനക്കെതിരെ പ്രതികാരനടപടികൾ ശക്തമാക്കി.

സംഘടന വിദേശത്തുനിന്നും അനധികൃതമായി ഫണ്ട് സ്വീകരിക്കുന്നുവെന്നും, ഫോറിൻ കോൺട്രിബ്യൂഷൻ രജിസ്ട്രേഷൻ ആക്ടിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ സംഘടനയ്ക്കെതിരെ നടപടി സ്വീകരിച്ചത്. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടക്കുന്നുണ്ട്. 2017ൽ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി. മരവിപ്പിച്ചിരുന്നു. എന്നാൽ കോടതിയിൽനിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിച്ചു. യുകെയിൽന്ന് വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

29-Sep-2020