ജീവന്‍ നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധ നിര്‍മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. 2014-2020 വരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധനിര്‍മാണ ഫാക്ടറി ബോര്‍ഡ് (ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്-ഒ.എഫ്.ബി) നല്‍കിയ നിലവാരം കുറഞ്ഞ ആയുധങ്ങള്‍ക്കായി ചെലവാക്കിയ തുകയുടെ നഷ്ടം കണക്കാക്കിയാല്‍ 960 കോടി രൂപ വരുമെന്നും ഈ തുക ഉപയോഗിച്ച് നൂറ് 155-എംഎം മീഡിയം ആര്‍ട്ടിലറി തോക്കുകള്‍ വാങ്ങാനാകുമായിരുന്നെന്നും സൈന്യത്തിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഇന്ത്യ ടുഡേ' ആണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ട്‌; സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആയുധങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചു.

പ്രതിരോധ മന്ത്രാലയത്തിന് അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. 2014-2020 വരെയുള്ള വര്‍ഷങ്ങളില്‍ ഒ.എഫ്.ബിക്ക് കീഴിലുള്ള ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ചു നല്‍കിയ 23-എംഎം എയര്‍ ഡിഫന്‍സ് ഷെല്‍സ്, ആര്‍ട്ടിലറി ഷെല്‍സ്, 125-എംഎം ടാങ്ക് റൗണ്ട്സ് തുടങ്ങിയ നിരവധി ആയുധങ്ങള്‍ക്കാണ് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ആര്‍മി വെളിപ്പെടുത്തിയത്

'ഒ.എഫ്.ബി ആയുധങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍' , എന്ന ഭാഗത്തില്‍ അപകടങ്ങളുടെ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം 2014 മുതല്‍ ഇതുവരെ 403 അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ 27 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 159 പേര്‍ക്ക് ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടതടക്കമുള്ള ഗുരുതര അപകടങ്ങളുണ്ടായി'.

സൈന്യം തന്നെ പ്രതിരോധം മന്ത്രാലയത്തിനെതിരെ  ആരോപണം ഉയര്‍ത്തിയതോടെ കേന്ദ്രം പ്രതിസന്ധിയിലായിരിക്കുകയാണ്‌.

 

29-Sep-2020