വ്യക്തമായ മാർഗരേഖകൾ ഉത്തരവായി ഇറക്കും

കോവിഡ്‌ വ്യാപനം തടയാൻ‌ ഒറ്റക്കെട്ടായി നീങ്ങാൻ സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം തീരുമാനിച്ചു. പ്രതിസന്ധി നേരിടാൻ ലോക്ക്‌ഡൗൺ പരിഹാരമാർഗമല്ലെന്ന നിലപാടാണ്‌ എല്ലാ കക്ഷികളും സ്വീകരിച്ചത്‌. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കും. വിവാഹം, മരണം, രാഷ്‌ട്രീയ, സാമൂഹ്യ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാർ നിശ്‌ചയിക്കണം. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്നും കക്ഷികൾ അഭിപ്രായപ്പെട്ടു. വ്യാപനം തടയുന്നതിന്‌ വ്യക്തമായ മാർഗരേഖകൾ സർക്കാർ ഉത്തരവുകളായി പുറത്തിറക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആദ്യഘട്ടത്തിൽ എല്ലാ അർഥത്തിലും രോഗവ്യാപനം പിടിച്ചുനിർത്താനായത്‌ നേട്ടമായിരുന്നു. എന്നാൽ, സെപ്‌തംബറിൽ രോഗികളുടെ എണ്ണം ഭീതിദമായി കൂടി. സമ്പർക്കത്തിലൂടെയാണ്‌ 96 ശതമാനം പേർക്കും രോഗം വന്നത്‌.  ഈ നില തുടർന്നാൽ വലിയ അപകടത്തിലേക്കെത്തും. അതിനാൽ, എന്തു വിലകൊടുത്തും രോഗവ്യാപനം ചെറുക്കാനാകണം.

സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിൽ സ്വാഭാവികമാണ്‌. എന്നാൽ, ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത്‌ ആൾക്കൂട്ടം നിയന്ത്രിക്കാൻ കർശനമായ ഇടപെടൽ വേണം. ഇക്കാര്യത്തിൽ എല്ലാ രാഷ്‌ട്രീയപാർടികളുടെയും സഹകരണം ആവശ്യപ്പെട്ടു.  ബിജെപിയുടെ പ്രതിനിധി മാത്രമാണ്‌ സമരം തുടരുമെന്ന നിലപാട്‌ സ്വീകരിച്ചത്‌. പിന്നീട്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌‌ സമരമെന്ന്‌ ഇതേ പ്രതിനിധി അറിയിച്ചു.

നിലവിലുള്ള സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള പ്രവർത്തനം എല്ലാഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ്‌‌ യോഗത്തിന്റെ പൊതുനിലപാട്‌.  കമ്പോളങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത ഇനിയും ഉണ്ടാകണം. ഇക്കാര്യത്തിൽ രാഷ്‌ട്രീയ പാർടികൾ പ്രാദേശികമായി നേതൃത്വപരമായ പങ്ക്‌ വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

30-Sep-2020