യുഡിഎഫ് കാലത്തെ അഴിമതിയുടെ നിത്യസ്‌മാരകമായ പാലാരിവട്ടം മേൽപ്പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ ബുധനാഴ്‌ച മുറിച്ചുനീക്കി. പാലത്തിന് മുകളിലെ ടാറിങ് പൊളിക്കുന്നത് ചൊവ്വാഴ്‌ച രാത്രിയോടെ ഏറെക്കുറെ പൂർത്തിയായി. ടാറിങ് അവശിഷ്ടം നീക്കുന്ന ജോലിയും ചൊവ്വാഴ്‌ചതന്നെ ആരംഭിച്ചിരുന്നു.
കളമശേരിയിലെ കാസ്‌റ്റിങ് യാർഡിലേക്കാണ് ആദ്യ ലോഡുകൾ കൊണ്ടുപോയത്. വിള്ളൽ വീണ് ബലക്ഷയം വന്ന പാലത്തിന്റെ സ്‌പാനുകളും ഗർഡറും ഡെക്ക് സ്ലാബും മുറിക്കുന്ന ജോലിയാണ് ബുധനാഴ്‌ച തുടങ്ങുക. പെരുമ്പാവൂരിലെ കരാറുകാരാണ് ഡയമണ്ട് കട്ടർ യന്ത്രമുപയോഗിച്ച് കോൺക്രീറ്റ് ഭാഗങ്ങൾ മുറിക്കുന്നത്. പാലത്തിന്റെ 17 സ്‌പാനുകളിൽ 15 എണ്ണവും പൊളിക്കണം. ആകെയുള്ള 102 ഗർഡറും ഡെക്ക് സ്ലാബുകളും പൊളിക്കണം. ഇതിന് നാലുമാസത്തോളം വേണം. കോൺക്രീറ്റ് മുറിക്കുമ്പോഴുള്ള പൊടിശല്യം തടയാനൻ ക്രമീകരണം ആരംഭിച്ചു.
ജനറേറ്റർ കേടാക്കി പണിസ്ഥലത്തെ ജനറേറ്റർ അജ്ഞാതർ കേടുവരുത്തിയതായി കണ്ടെത്തി. കോൺക്രീറ്റ് മുറിക്കൽ യന്ത്രമുൾപ്പെടെ പ്രവർത്തിപ്പിക്കാനുള്ള ആവശ്യത്തിനാണ് ജനറേറ്റർ എത്തിച്ചത്. ഇത് ഉടൻ പ്രവർത്തിപ്പിക്കാനാകാത്തവിധമാണ് കേടുവരുത്തിയത്. പകരം മറ്റൊരു ജനറേറ്റർ എത്തിക്കും.
പാലം പൊളിക്കുന്ന മുറയ്‌ക്ക് പുതിയ പാലത്തിന്റെ ജോലികളും ആരംഭിക്കും. കേടായ കോൺക്രീറ്റ് നീക്കുമ്പോഴേക്കും പകരം സ്ഥാപിക്കാനുള്ള ഭാഗങ്ങൾ കളമശേരിയിലെ യാർഡിൽ പൂർത്തിയാകും. കൊച്ചി മെട്രോ നിർമാണത്തിന് ഉപയോഗിച്ച യാർഡാണ് ഇതിനും ഉപയോഗിക്കുന്നത്.
മുറിക്കുന്ന കോൺക്രീറ്റ് ഭാഗങ്ങൾ കടൽഭിത്തി നിർമാണത്തിന് ഉപയോഗിക്കാനാണ് ഡിഎംആർസി നിർദേശിച്ചിരുന്നത്. എന്നാൽ, പ്രായോഗിക തടസ്സങ്ങൾ ഉയർന്നുവന്നതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ ഗതാഗതത്തിന് തടസ്സമില്ല. എന്നാൽ, ഞായറാഴ്‌ചമുതൽ ചില ക്രമീകരണം ഏർപ്പെടുത്തും.
യാത്രാക്കുരുക്ക് കൂടും കഴിഞ്ഞ മെയ് ഒന്നിന് പാലം അടച്ചതുമുതൽ വലിയ ഗതാഗതക്കുരുക്കാണ് ബൈപാസിലും പാലാരിവട്ടം പ്രദേശത്തും. വരുംനാളുകളിൽ ദുരിതം വീണ്ടും വർധിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പണിത പാലം 2016ൽ തുറന്നെങ്കിലും ഏതാനും മാസത്തേക്കുമാത്രമേ ഉപയോഗിക്കാനായുള്ളൂ.
ഇതോടെ പാലാരിവട്ടം ബൈപാസിലൂടെയുള്ള യാത്ര ദുരിതപൂർണമായി. കരാർ കൊടുത്തതിലും പണിതതിലും കൊടിയ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞുൾപ്പെടെയുള്ളവർക്കെതിരെ കേസ് തുടരുകയാണ്.