ഉടഞ്ഞ മതനിരപേക്ഷത

ബാബ്‌റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെ 32 പ്രതികളെയും കോടതി വെറുതെവിട്ടു.
മസ്‌ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്‌തിട്ടല്ലെന്നും ഗൂഢാലോചനയ്‌ക്കു തെളിവില്ലെന്നും സിബിഐ പ്രത്യേക കോടതി ജഡ്‌ജി എസ്‌കെ യാദവ് വിധിച്ചു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മസ്ജിദ് തകർത്തത് സമൂഹ വിരുദ്ധരാണ്. ഇവരെ തടയാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. പള്ളി തകർത്തതിന്റെ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.

എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു പ്രതികൾ. 32ൽ 26 പേരും കോടതിയിൽ ഹാജരായിരുന്നു. മുരളി മനോഹർ ജോഷി, എൽ കെ അദ്വാനി, ഉമാഭാരതി, കല്യാൺസിങ്, മഹന്ത് നിത് ഗോപാൽ ദാസ് തുടങ്ങി അഞ്ച് പേർ അനാരോഗ്യം മൂലം എത്താൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മൊത്തം 48 പ്രതികളിൽ 16 പേർ വിചാരണക്കാലയളവിൽ മരിച്ചു.

11മണിക്കാണ് വിധി പ്രസ്താവം ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും ഒഴികെ മറ്റാരെയും കോടതിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ഗൂഢാലോചന, മതസ്പർധ വളർത്തൽ, ദേശീയോദ്ഗ്രഥനത്തിന് എതിരായ പ്രസ്താവനകൾ നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സംഘപരിവാർ നേതാക്കൾക്ക്‌മേൽ ചുമത്തിയിരുന്നത്‌. അദ്വാനി ഉൾപ്പെടെയുള്ളവർക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് 2017ൽ സുപ്രീംകോടതി ഉത്തരവുണ്ട്. വർഷങ്ങളായി തുടരുന്ന കേസിൽ  2 വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രിൽ 19ന് ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വർഷം ഓഗസ്റ്റ് 31 വരെയും തുടർന്ന് സെപ്തംബർ 30വരെയും തീയതി നീട്ടിക്കൊടുത്തു. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരായത് കെ കെ മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു.

ഉടഞ്ഞ മതനിരപേക്ഷത

1992 ഡിസംബർ ആറിനാണ് ഉത്തർപ്രദേശിലെ സരയൂനദിക്കരയിൽ സ്ഥിതിചെയ്യുന്ന അയോധ്യയിൽ ബാബ്റി മസ്ജിദ് എന്ന മുസ്ലിം ദേവാലയം ഹിന്ദുത്വ തീവ്രവാദികളായ കർസേവകർ തകർത്തത്. അക്രമികളെ  നയിച്ചത് എൽ കെ അദ്വാനി ഉൾപ്പെട്ട സംഘപരിവാർ നേതാക്കൾ ആയിരുന്നു.

1528ൽ മുഗൾ രാജവംശത്തിന്റെ സ്ഥാപകനായ ബാബറിന്റെ ജനറലായ മീർഭാക്കി അയോധ്യയിൽ സ്ഥാപിച്ചതാണ് ബാബ്റി മസ്ജിദ്. അത് രാമക്ഷേത്രം തകർത്തിട്ടാണ് പണിതത് എന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. ഹിന്ദുമഹാസഭയും ജനസംഘവും ആർഎസ്എസും വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും ശിവസേനയും ബിജെപിയും ഈ വാദമുയർത്തുന്നു. 1984ൽ വിശ്വഹിന്ദുപരിഷത്തും അദ്വാനിയും ഇതിനായുള്ള സംയുക്തസംരംഭം തുടങ്ങി. സാംസ്‌കാരിക ദേശീയതയുടെ പേരിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി ഭരണകക്ഷിയായ കോൺഗ്രസും പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയും ഹിന്ദുക്കൾക്ക് ബാബ്റി മസ്ജിദ് -- രാമജന്മഭൂമിയിൽ പ്രാർഥനയ്ക്കുള്ള അനുവാദം കൊടുത്തു.

1989ൽ രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാമക്ഷേത്രശിലാന്യാസം നടത്താൻ വിശ്വഹിന്ദു പരിഷത്തിന് അനുവാദം നൽകി. പക്ഷേ, തെരഞ്ഞെടുപ്പ് ജയിച്ചില്ല. പിന്നീട് അധികാരത്തിൽ വന്ന ഗവൺമെന്റിന് ബിജെപി പുറത്തുനിന്ന് പിന്തുണ നൽകി. പ്രധാനമന്ത്രി വി പി സിങ്ങിന്റെ മണ്ഡൽ പരിഷ്‌കരണത്തിന് മറുപടിയായി അദ്വാനി അയോധ്യ രഥയാത്ര പ്രഖ്യാപിച്ചു. 1989ൽ രാമക്ഷേത്രനിർമാണം ഒരു പരിപാടിയായി ബിജെപിയുടെ പാലംപുർ സമ്മേളനം അംഗീകരിച്ചിരുന്നു. പക്ഷേ, അദ്വാനിയുടെ ഒന്നാം രഥയാത്ര വിജയിച്ചില്ല. അതോടെ വി പി സിങ് ഗവൺമെന്റ് വീണു. 1992ൽ രണ്ടാം രഥയാത്ര ബാബ്റി മസ്ജിദിന്റെ തകർച്ചയിൽ കലാശിച്ചു.

ബാബ്റി മസ്ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച എം എസ് ലിബർഹാൻ കമീഷൻ കണ്ടെത്തിയത് പള്ളി തകർക്കൽ യാദൃച്ഛികമോ മുൻകൂട്ടി ആസൂത്രണം ചെയ്യാത്തതോ ആയ ഒരു സംഭവം അല്ലെന്നാണ്. പ്രസ്തുത കേസിൽ സുപ്രീംകോടതിയും മസ്ജിദ് ഭേദനത്തെ നിന്ദ്യമായ നിയമലംഘനമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. മസ്ജിദ് തകർക്കലിനെത്തുടർന്ന് ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളെ (ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്) പ്രസിഡന്റ് പിരിച്ചുവിട്ടു.

കേസിന്റെ നാൾവഴി

കേസിന്റെ ആദ്യത്തെ എഫ്‌ഐആറിൽ (നമ്പർ 197) പള്ളി പൊളിച്ചതിന് അറിയപ്പെടാത്ത കർസേവകരെയാണ് കുറ്റവാളികളായി പഴിചാരിയിരിക്കുന്നത്. രണ്ടാമത്തെ എഫ്‌ഐആറിൽ (നമ്പർ 198) അദ്വാനി, അശോക് സിംഘാൾ, ഗിരിരാജ് കിഷോർ, മുരളി മനോഹർ ജോഷി, ഉമാഭാരതി, വിഷ്ണു ?ദാൽമിയ, സാധ്വി റിതംബര തുടങ്ങിയവർക്കെതിരെ പ്രകോപനപരവും വെറുപ്പും വിദ്വേഷവും കലർന്നതുമായ പ്രസംഗം നടത്തിയതിന്റെ പേരിലുമാണ് കുറ്റം ചുമത്തിയത്. അദ്വാനിയും മറ്റും ചെയ്ത തെറ്റ് പ്രകോപനപരമായ പ്രസംഗം നടത്തിയതാണ്. ആദ്യത്തെ കേസ് സിബിഐക്കും രണ്ടാമത്തെ കേസ് സംസ്ഥാന സിഐഡിക്കും നൽകാനായിരുന്നു തീരുമാനം. പക്ഷേ, 1993ൽ എല്ലാ കേസുകളും 47 വേറെ എഫ്‌ഐആറും ഉള്ളതുകൊണ്ട് (വസ്തു നശീകരണം തുടങ്ങി) സിബിഐ 1996ൽ അദ്വാനിക്കും മറ്റും എതിരെ ഗൂഢാലോചന കേസ് (120 ബി)ചുമത്തി. എന്നാൽ, പിന്നീട് കോടതി ഇത് വേണ്ടെന്ന് വച്ചു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു.

പള്ളി തകർത്തതിന്റെ പിന്നിൽ ഒരു 'ഗൂഢാലോചന'യും ഇല്ലെന്ന വാദം അലഹബാദ് ഹൈക്കോടതി 2010 മെയ് 20ന് ശരിവച്ചതോടെ കേസ് തീർത്തും ശുഷ്‌കമാകുകയായിരുന്നു. എന്നാൽ, 2017ൽ സുപ്രീംകോടതി ഒരു പരാതിയിന്മേൽ ഗൂഢാലോചനക്കുറ്റം അദ്വാനിയിലും മറ്റും ചുമത്തി വിചാരണ തുടരാൻ വിധി പറഞ്ഞു. അദ്വാനി ഉൾപ്പെടെ പ്രതികളെല്ലാം ഗൂഢാലോചനക്കുറ്റം നിരസിച്ചു. പള്ളി തകർത്തവരെ തടയാനാണ് തങ്ങൾ ശ്രമിച്ചതെന്ന് അവർ വാദിച്ചു. ഉമാഭാരതി അവർ കുറ്റവാളിയല്ലെന്ന് പറഞ്ഞു.

2019 നവംബർ ഒമ്പതിന് അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി വിധി പറഞ്ഞു. ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തർക്കം നിലനിന്ന 2.77 ഏക്കർ ഭൂമിയിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പള്ളി നിർമിക്കാൻ അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡിന് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തർക്കത്തിലുള്ള ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബർ 30ലെ വിധി അസാധുവാക്കിയാണ് രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി നൽകിയത്. തുടർന്ന് കഴിഞ്ഞ ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി രാമക്ഷേത്ര നിർമാണത്തിന് ശിലയിട്ടു. ഉമാഭാരതി ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭൂമീപൂജയ്‌ക്ക് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തി.

30-Sep-2020