അബ്ദുള്ളക്കുട്ടിക്കെതിരെ ആർ എസ് എസ്.

കോഴിക്കോട്: കുമ്മനം രാജശേഖരനെയടക്കമുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞ് അടുത്ത കാലത്ത് മാത്രം പാര്‍ട്ടിയിലേക്ക് എത്തിയ അബ്ദുള്ളകുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തതിനെതിരെ ഒരു കൂട്ടം നേതാക്കള്‍ എതിർപ്പുമായി രംഗത്ത്. മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം തിരികെ എത്തിയപ്പോൾ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരികെയെത്തിയ കുമ്മനത്തിനു പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിരുന്നില്ല. കുമ്മനത്തിന് ക്യാബിനറ്റ് മന്ത്രി പദവി നല്‍കനാമെന്നാണ് ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തില്‍ പരസ്യമായി തങ്ങളുടെ എതിര്‍പ്പ് ചില നേതാക്കള്‍ പ്രകടിപ്പിക്കുകയും , യോഗത്തിന് ശേഷം ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയത്തിലെത്തിയ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനെ ആര്‍.എസ്.എസ് നേരിട്ടറിയിക്കുകയും ചെയ്തു.

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ. സുരേന്ദ്രന്‍ വന്നത് മുതല്‍ പാര്‍ട്ടിയില്‍ രൂക്ഷമായ തർക്കങ്ങൾ തുടർ സംഭവങ്ങളാവുകയാണ്. ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നതിനെ തഴഞ്ഞാണ് മുരളീധരന്‍ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ.സുരേന്ദ്രന് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. കോര്‍കമ്മറ്റി യോഗത്തില്‍ നിന്ന് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടിയുടെ കോര്‍കമ്മറ്റി യോഗമാണെന്ന് അദ്ദേഹത്തെ അറിയിച്ചില്ലെന്നും വാട്‌സാപ്പിലൂടെ സന്ദേശം നൽകുക മാത്രമായിരുന്നു ചെയ്തതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


സുരേന്ദ്രൻ നേതൃത്വ പദവിയിലേക്കെത്തിയതിൽ ആര്‍.എസ്.എസിനും അതൃപ്തിയുണ്ടായിരുന്നു. തങ്ങളെ നിരന്തരം അവഗണിക്കുന്നതായി കൃഷ്ണദാസ് പക്ഷം ആരോപിക്കുന്നു പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയ ശോഭ സുരേന്ദ്രന് കെ. സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പോലും ശോഭ സുരേന്ദ്രന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

 

 

01-Oct-2020