കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും വോട്ടെടുപ്പ്

തദ്ദേശഭരണ സ്ഥാപന‌ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയായി. പട്ടിക 15നകം രാഷ്ട്രീയ പാർടികൾക്ക് നൽകും. അന്തിമമായി പേര് ചേർക്കാനും പരാതി ഉന്നയിക്കാനും തെരഞ്ഞെടുപ്പിന്‌ മുമ്പ് ഒരവസരംകൂടി ലഭിക്കും. പട്ടികയിൽ 2,71,20,823 പേരാണുള്ളത്‌. (സ്ത്രീകള്‍ 1,41,94,775, പുരുഷന്മാര്‍ 1,29,25,766 , ട്രാൻസ്ജെൻഡര്‍ 282).
ആഗസ്‌ത്‌ 12ലെ കരട് പട്ടികയിൽ ആകെ 2.62 കോടി വോട്ടര്‍മാര്‍ ഉണ്ടായിരുന്നു.

41 ഗ്രാമപഞ്ചായത്ത്‌ (15,962 വാർഡ്‌), 152 ബ്ലോക്ക് പഞ്ചായത്ത്‌ (2,080 വാർഡ്‌), 14 ജില്ലാപഞ്ചായത്ത്‌ (331 വാർഡ്‌), 86 മുനിസിപ്പാലിറ്റി (3,078 വാർഡ്‌), ആറ്‌ കോർപറേഷൻ (414 വാർഡ്‌) എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്. നവംബർ 11ന്‌ ഭരണസമിതികളുടെ കാലാവധി തീരുന്നതിനാൽ ഒക്‌ടോബർ അവസാനം തെരഞ്ഞെടുപ്പ്‌ നടത്തേണ്ടതാണ്‌. കോവിഡിന്റെ സഹചര്യത്തിൽ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കാനുള്ള  അഭ്യർഥ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗീകരിച്ചിട്ടുണ്ട്‌.

ആവശ്യമെങ്കിൽ പുതിയ പോളിങ്‌ സ്റ്റേഷൻ
കോവിഡ്‌ സാഹചര്യത്തിൽ അന്തിമപട്ടികയിലെ വോട്ടർമാരുടെ എണ്ണം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ പോളിങ്‌ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്കരൻ പറഞ്ഞു. വോട്ടർമാരുടെ സൗകര്യത്തിനാണിത്‌. 

കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും വോട്ടെടുപ്പ്‌. പഞ്ചായത്തുകളിൽ പരമാവധി 1200 വോട്ടർമാരെയും മുനിസിപ്പാലിറ്റിയിൽ 1500 വോട്ടർമാരെയും ഉൾപ്പെടുത്തി പോളിങ്‌ സ്റ്റേഷനുകൾ പുനഃക്രമീകരിക്കും.  ത്രിതല പഞ്ചായത്തുകൾക്കായി 29,210 ഉം മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 5,213 ഉം പോളിങ്‌ സ്റ്റേഷനാണ്‌ ഇപ്പോഴുള്ളത്‌‌. ഇവിടം സന്ദർശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട്‌ നൽകാൻ തദ്ദേശ സെക്രട്ടറിമാരോട്‌  നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ പോളിങ്‌ സ്റ്റേഷൻ പുനഃക്രമീകരണം.

പുതിയത്‌ സ്ഥാപിക്കുകയോ നിലവിലുള്ളവ മാറ്റുകയോ ചെയ്യേണ്ടി വന്നാൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയപാർടി പ്രതിനിധികളുടെ യോഗം വിളിക്കും. നിലവിലുള്ള പോളിങ്‌ സ്റ്റേഷൻ പറ്റുന്നില്ലെങ്കിൽ  500 മീറ്റർ ചുറ്റളവിൽ പുതിയ കേന്ദ്രം കണ്ടെത്തും.

02-Oct-2020