എന്താണ് കെ ഫോണും കേരളാ സര്‍ക്കാരും

ഇന്നേവരെ ലോകത്ത് ഉണ്ടായിട്ടുള്ളതില്‍ ഇന്റര്‍നെറ്റ് രംഗത്തെ വിപ്ലവകരമായ മുന്നേറ്റം എന്നാണ് കെ. ഫോണിനെ സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. കാരണം ഈ രംഗത്തെ കുത്തക കമ്പനികളെ സംബന്ധിച്ച് വലിയ വെല്ലുവിളി കൂടിയാണ് പൊതുമേഖലയുടെ ഈകടന്നുവരവ്. കേരളം കാണിക്കുന്ന മാതൃക പിന്തുടരാന്‍ മറ്റ് സംസ്ഥാനങ്ങളും നിര്‍ബന്ധമായാല്‍ അത് അവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.

ഇത്തരത്തില്‍ ഒരു താല്‍പര്യവും കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലിന് പിന്നിലുണ്ടെന്നാണ് മനസിലാകുന്നത്.
സംസ്ഥാനത്ത് കെ. ഫോണ്‍ വരുന്നതോടെ 1,707 കോടി രൂപയാണ് സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നഷ്ടമാകുക. എന്നാലോ 20 ലക്ഷം പാവപ്പെട്ട വീടുകളിലേക്കാണ് സൗജന്യമായി ഇന്റര്‍നെറ്റ് എത്താന്‍ പോകുന്നത്. ഇതോടൊപ്പം തന്നെ 90 ലക്ഷത്തോളം വരുന്ന മിഡില്‍ ക്ലാസ്, ലോവര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിലുള്ളവര്‍ക്ക് മാസം ഹൈസ്പീഡ് കണക്ഷന് വെറും 100 രൂപ മാത്രമാണ് ചിലവ് വരിക.

ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ പദ്ധതി വലിയ ലാഭമാണ് ഉണ്ടാക്കുക. കേരളത്തില്‍ കെ.എസ്.ഇ.ബിയുടെ ആയിരത്തോളം ഓഫീസുകളിലെ ഇന്റര്‍നെറ്റിനായി ഒരു വര്‍ഷം നിലവില്‍ ചിലവിടുന്നത് 15 കോടിയാണ്. പഞ്ചായത്ത്, വില്ലേജ്, ബ്ലോക്ക്, കോര്‍പ്പറേഷന്‍ ഓഫീസുകളുടെ ചിലവ് 40 കോടിയാണ്.

കളക്ട്രേറ്റുകള്‍, സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ 20 കോടിയും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി 75 കോടിയുമാണ് ചിലവിടുന്നത്. ചുരുക്കി പറഞ്ഞാല്‍ ചുരുങ്ങിയത് 150 കോടിയാണ് ഈ വിഭാഗത്തില്‍ മാത്രം ഇന്റര്‍നെറ്റ് ചാര്‍ജായി സംസ്ഥാന സര്‍ക്കാര്‍ ചിലവിടുന്നത്.ഇതിന്റെ കൂടെ 20 ലക്ഷം വീടുകളിലെ സൗജന്യ കണക്ഷന്‍ കൂടി ചേര്‍ത്താല്‍ 477 കോടി രൂപയാണ് സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടം വരിക.

സംസ്ഥാനത്തെ 90 ലക്ഷം മിഡില്‍ ക്ലാസ്, ലോവര്‍ മിഡില്‍ ക്ലാസ് വിഭാഗങ്ങള്‍ കൂടി കെ. ഫോണിലേക്ക് മാറുന്നതോടെ കുത്തക കമ്പനികളുടെ നഷ്ടം 10,707 കോടിയായി ഉയരും. കേരളം കാണിക്കുന്ന മോഡല്‍ മറ്റ് സംസ്ഥാനങ്ങള്‍ കൂടി പിന്തുടര്‍ന്നാല്‍ സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനികള്‍ തന്നെയാണ് ചിലപ്പോള്‍ അടച്ചു പൂട്ടേണ്ടി വന്നേക്കാം. രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങളാണ് കേന്ദ്ര ഏജന്‍സികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇടതു പക്ഷവും ആരോപിക്കുന്നത്.


കെ ഫോണ്‍ പദ്ധതിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നത് ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് കടന്ന് കയറ്റമാണെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന ആരോപണം. രാജ്യതിലെതന്നെ മറ്റു സംസ്ഥാനങ്ങള്‍ കണ്ടു പഠിക്കേണ്ട പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സി.പി.എം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് വേണ്ടിയാണ് കെ ഫോണ്‍ പദ്ധതി ഇടതു സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഈ പദ്ധതിയിലൂടെ സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുകയും അതുവഴിയാണ് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും 30,000 ത്തോളം ഓഫിസുകളിലും ലഭ്യമാക്കുകായും ചെയ്യും. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമായ കേരളം മറ്റൊരു ചരിത്രം കൂടിയാണ് ഇതുവഴി ലക്ഷ്യമിട്ടിരിക്കുന്നത്. കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്‍ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭം കൂടിയാണ് കെ ഫോണ്‍ പദ്ധതി.

04-Nov-2020