വി.മുരളീധരന്റെ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ പ്രസിഡന്റ് സ്ഥാനം ചട്ടം ലംഘിച്ച്
അഡ്മിൻ
കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രിയായ വി.മുരളീധരന് ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ പ്രസിഡണ്ടായത് സഭയുടെ ഭരണഘടനയും ചട്ടവും ലംഘിച്ചെന്ന് ആരോപണമുയരുന്നു. ദേശാഭിമാനി ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ പ്രസിഡണ്ട് സ്ഥാനത്തിനായി വ്യാജരേഖ ചമച്ചതായും ആരോപണമുണ്ട്.
സാധാരണയായി രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയിരുന്നു മുന്‍കാലങ്ങളില്‍ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാധ്യക്ഷ പദവി വഹിച്ചിരുന്നത്. അതേസമയം വി.മുരളീധരന് നിലവില്‍ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ അംഗമല്ല. മൂന്ന് പ്രതിനിധികളെ കേരളത്തില്‍ നിന്ന് കേന്ദ്രസഭ ജനറല്‍ ബോഡിയിലേക്ക് നോമിനേറ്റ് ചെയ്യാം. പക്ഷെ 10 വര്‍ഷമായി കേരളഘടകത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയില്ല.
നിയമ പ്രകാരം തെരഞ്ഞെടുത്ത സമിതിക്കാണ് കേന്ദ്രസഭാ ജനറല്‍ബോഡി പ്രതിനിധികളായി 27 പേരെ തെരഞ്ഞെടുക്കാനും മൂന്ന് നോമിനേഷനും അര്‍ഹത. ഇതൊന്നും ചെയ്യാതെ ബന്ധപ്പെട്ട സ്പെഷല്‍ ഓഫീസറെ സ്വാധീനിച്ച് രേഖകളില്‍ കൃത്രിമം കാട്ടി മുരളീധരനെ പ്രതിനിധിയാക്കി തലപ്പത്തെത്തിച്ചുവെന്നാണ് ഇപ്പോഴുള്ള ആരോപണം. ദക്ഷിണേന്ത്യയില്‍ ഹിന്ദി ഭാഷയുടെ പ്രചാരണത്തിനായി 1918-ല്‍ ഗാന്ധിജിയാണ് ഈ സഭ സ്ഥാപിച്ചത്. തമിഴ്നാട്ടിലെ ചെന്നൈ ആസ്ഥാനമായ സഭയുടെ പ്രസിഡണ്ടാണ് സഭാ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയും വഹിക്കുന്നത്.