കേരളത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു

കേരളത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു എന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റവന്യു ഓഫീസുകളിലൊന്നാണ് വില്ലേജ് ഓഫീസുകള്‍. ദിനംപ്രതി ഒട്ടേറെപ്പേരാണ് നിരവധിയായ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നത്. അതുകൊണ്ടുതന്നെയാണ് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ടാക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നും അദ്ദേഹം അറിയിച്ചു.

മെച്ചപ്പെട്ട കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ചേര്‍ന്ന നിരവധി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഇതിനകം നമ്മുടെ സംസ്ഥാനത്ത് സജ്ജമായിക്കഴിഞ്ഞു. ഇന്ന് പുതുതായി അഞ്ചെണ്ണം കൂടെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവയ്ക്ക് പുറമേ 159 ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും നടക്കുന്നതാണ്. ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ, സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം 305 ആകും.

വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ നവീകരിച്ചതുകൊണ്ടു മാത്രം ഭരണനിര്‍വഹണം കാര്യക്ഷമമാകില്ലയെന്ന് സര്‍ക്കാരിനറിയാം. അതിനാൽ ഇ-ഗവേർണൻസ് സംവിധാനങ്ങളും റവന്യു വകുപ്പില്‍ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

04-Nov-2020