സി.ബി.ഐ അന്വേഷണത്തിന് അനുവദിക്കുന്ന പൊതു സമ്മതം പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍

കേരളത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തടയിട്ട് സര്‍ക്കാര്‍. സി.ബി.ഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താന്‍ ഉണ്ടായിരുന്ന അനുമതി പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ പക്ഷപാതമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരുന്നു.

കേരളത്തില്‍ സി.ബി.ഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നും ആരോപണം ശക്തമായിരുന്നു.

സി.ബി.ഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട നിയമ പരിശോധനകള്‍ നടത്തി സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് ഇറക്കാമെന്നായിരുന്നു പാര്‍ട്ടി ധാരണ. മഹാരാഷ്ട്ര ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ സി.ബി.ഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്.

04-Nov-2020