കെ.സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയുമായി 24 നേതാക്കൾ
അഡ്മിൻ
ബി.ജെ.പിയുടെ കേരളാ ഘടകത്തിൽ പോര് മുറുകകന്നു. സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെതിരേ നേതാക്കൾ നടത്തുന്ന നീക്കം ശക്തിപ്രാപിക്കുകയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധനും പിന്നാലെ 24 സംസ്ഥാനനേതാക്കൾ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് നൽകി. കേരളാബി.ജെ.പി.യിൽ ഇപ്പോൾ പാർട്ടിപ്രവർത്തനം നടക്കുന്നില്ല. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നടക്കുന്നത്. ഇങ്ങനെ പോയാൽ തദ്ദേശതിരഞ്ഞെടുപ്പിൽ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയത്.
ഇനിയെങ്കിലും എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോയാൽ 70 ശതമാനം പഞ്ചായത്തുകളിലും ബി.ജെ.പി. പ്രാതിനിധ്യത്തിനുള്ള സാഹചര്യമുണ്ട്. എത്രയും വേഗം കേന്ദ്രനേതൃത്വം ഇടപെട്ട് കെ. സുരേന്ദ്രനെ തിരുത്താൻ തയ്യാറാകണം. ശോഭാ സുരേന്ദ്രനെതിരേ നടത്തുന്ന സൈബർ ആക്രമണത്തിനുപിന്നിലും ഗൂഢാലോചനയുണ്ട്. 30 ശതമാനം പുതിയവരെ ഉൾപ്പെടുത്തി ഭാരവാഹി പട്ടികയിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചപ്പോൾതന്നെ നിലവിലുള്ള ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കരുതെന്നും കെ. സുരേന്ദ്രനോട് ആർ.എസ്.എസ്. ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സുരേന്ദ്രൻ അത് അവഗണിച്ചതായാണ് ആക്ഷേപം.
സംസ്ഥാന ഭാരവാഹികളിൽത്തന്നെ ജനറൽ സെക്രട്ടറിമാർക്ക് ഒഴികെ ബാക്കി ആർക്കും പ്രവർത്തനമേഖല നിശ്ചയിച്ചിട്ടുനൽകിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുള്ളവരെ ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച് പരാതികൾ അയക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
കെ. സുരേന്ദ്രനെതിരേ കേന്ദ്രനേതൃത്വത്തിന് ആദ്യം പരാതിനൽകിയ ശോഭയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിശ്ശബ്ദത പാലിക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.