വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിയത്
അഡ്മിൻ
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിയത്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നാട്ടിന്‍പുറങ്ങളിലെ ജനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അനുഭവ യോഗ്യമാക്കുന്നതായെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാനതല ഉദ്ഘാടനവും ശിലാസ്ഥാപനവും പട്ടയ വിതരണവും പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പ്രയാസകരവും സങ്കീര്‍ണ്ണവുമായ പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ച് അര്‍ഹരായവര്‍ക്ക് ഭൂമി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടങ്ങളില്‍ ഭേതഗതി വരുത്തിയും മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്രയമാകുകയാണ്. അതിന്റെ ഭാഗമായാണ് 1,63,791 പേര്‍ക്ക് പട്ടയം നല്കാന് കഴിഞ്ഞത്. കെട്ടികിടന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച റവന്യൂ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും വില്ലേജ് ഓഫീസ് പരിസരത്തെ പ്രാദേശിക റോഡ് വികസനവും ചുറ്റു മതില് കുടിവെള്ള സൗകര്യങ്ങളും അപകടകരമായ കെട്ടിടങ്ങള്‍ക്ക് പകരം മനോഹരമായ പുതിയ കെട്ടിടങ്ങളും നിര്‍മ്മിച്ചുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 159 സ്മാര്‍ട്ട് വില്ലേജുകളുടെ ശിലാ സ്ഥാപനം നടക്കുന്ന വേദിയില്‍ തന്നെ അഞ്ച് സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടനവും നടക്കുന്നുണ്ടെന്നും കാസര്‍കോട് ജില്ലയിലെ ചിത്താരി, ചെറുവത്തൂര്‍ വില്ലേജുകള്‍ ഇന്ന് മുതല്‍ സ്മാര്ട്ടാവുകയാണെന്നും മന്ത്രി പറഞ്ഞു. 6524 പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. സംസ്ഥാന തല ഉദ്ഘാടത്തോടൊപ്പം 14 ജില്ലകളിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ച് നിയമസഭ സാമാജികര്‍ പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.