യുവാക്കൾക്ക് പ്രാധാന്യം; തിരുവനന്തപുരത്ത് ഇടത് മുന്നണി സീറ്റ് വിഭജനം പൂർത്തിയാക്കി
അഡ്മിൻ
യുവാക്കൾക്ക് പ്രാധാന്യം നല്‍കി തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഘടകകക്ഷികൾ സീറ്റ് വിഭജനം പൂർത്തിയാക്കി. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, ബ്ലോക്ക് പഞ്ചായത്തുകളിലെ ഇടത് മുന്നണി ഘടകകക്ഷികൾ ധാരണയിലെത്തിയ സീറ്റുകൾ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രഖ്യാപിച്ചു.
ജില്ല, കോർപറേഷൻ വാർഡുകളിലെ സി.പി.എം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. മറ്റുഘടകകക്ഷികൾ അവരവരുടെ സ്ഥാനാർത്ഥി പട്ടിക പിന്നീട് പ്രഖ്യാപിക്കും. സി.പി.ഐ സ്ഥാനാർത്ഥികളെ ശനിയാഴ്‌ച പ്രഖ്യാപിക്കും.
കോർപ്പറേഷനിലേക്കുള്ള സി.പി.എം സ്‌ഥാനാർത്ഥികളില്‍ 23 പേർ യുവതീയുവാക്കളാണ്. ഇവരിൽ 15 പേർ 30 വയസ്സിൽ താഴെയുള്ളവരാണ്. പ്രൊഫഷണൽ ഡിഗ്രിക്കാർ മൂന്നു പേരുണ്ട്. മൂന്ന് ബിരുദാനന്തരബിരുദ ധാരികളും 25 പേർ ബിരുദധാരികളുമാണ്.
അതേപോലെതന്നെ കോർപ്പറേഷനിലേക്കുള്ള സി.പി.എം സ്‌ഥാനാർത്ഥികൾ സാന്ത്വനപരിചരണ മേഖലയിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നവരും പൊതുപ്രവർത്തന മേഖലകളിൽ സുസമ്മതരുമാണ്.