സോളാര്‍, ബാര്‍കോഴ, ടൈറ്റാനിയം; പ്രതിപക്ഷം വീണ്ടും കുരുക്കിലേക്ക്

ബാര്‍ക്കോഴയും സോളാര്‍ കേസും ടൈറ്റാനിയവും സജീവമാകുമ്പോള്‍ കുരുക്കിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, പി.ടി. തോമസ്, വി.ഡി.സതീശന്‍, എ.പി.അനില്‍കുമാര്‍, കെ.എം.ഷാജി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം വേഗത്തിലാണ് നടക്കുന്നത്.

നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളിലെ അനധികൃത സ്വത്ത് സമ്പാദനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും.അതേസമയം ടൈറ്റാനിയം കേസ് സി.ബി.ഐ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഈ കേസില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇവരെ പ്രതിചേര്‍ക്കുകയോ ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്യുന്നതിന്റെ നിയമപരമായ സാധുതയാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധിക്കുന്നത്.

ബാര്‍ കോഴ കേസില്‍ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപ നല്‍കിയെന്നാണ് ബിജു രമേശിന്റെ ആരോപണം.

സമാനമായി സോളാര്‍ കേസില്‍ കഴിഞ്ഞ ആറുമാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരിയുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തി. എ.പി. അനില്‍കുമാറിനെതിരെയുള്ള പരാതിയാണ് ശക്തമായിട്ടുള്ളതെന്നാണ് സൂചന. വി.എസ്.ശിവകുമാരിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം കേസിലെ തുടര്‍ നടപടികളും ഉടനുണ്ടാകും.

അതേപോലെ തന്നെ പുനര്‍ജ്ജനി പദ്ധതിയില്‍ വി.ഡി. സതീശന്‍ വിദേശത്ത് പോയി പണം വാങ്ങിയത് അനുമതിയില്ലാതെയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മുസ്ലിംലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം കേസില്‍ കുറ്റപത്രം ഉടന്‍ നല്‍കും. കാസര്‍കോട്ടെ ഫാഷന്‍ ജൂവല്ലറി കേസില്‍ എം.സി.കമറുദ്ദീനെതിരെയുള്ള അന്വേഷണവും അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം കെ.എം ഷാജിക്കെതിരായ നടപടികളും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

07-Nov-2020